Connect with us

National

ഡല്‍ഹിയില്‍ ഇരട്ട, ഒറ്റ കാര്‍ പദ്ധതി ജനുവരി മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ നിയന്ത്രണപദ്ധതി അടുത്തമാസം ഒന്ന് മുതല്‍ ആരംഭിക്കും. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. അടുത്തമാസം ഒന്നു മുതല്‍ 15 വരെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് വിജയകരമാണെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം.
ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിരത്തിലിറങ്ങുകയെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ എല്ലാ വാഹനങ്ങള്‍ക്കും പുറത്തിറങ്ങാം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയായിരിക്കും നിയന്ത്രണം. പരീക്ഷണകാലത്ത് കാര്‍ നിയന്ത്രണത്തെ നിരീക്ഷിച്ചശേഷം ഇത് തുടരണോ വേണ്ടയോയെന്ന് പിന്നീട് തീരുമാനമെടുക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഡിസംബര്‍ 25ന് മുമ്പ് പദ്ധതിയുടെ സമ്പൂര്‍ണ കരട് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി പിന്തുണതേടി യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ചീഫ് ജസ്റ്റസ് ടി എസ് താക്കൂര്‍ അടക്കമുള്ളവരും പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നുവെന്ന് ഹൈക്കോടതിയടക്കം ചൂണ്ടിക്കാണിച്ച പാശ്ചാത്തലത്തിലാണ് കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ ഇറങ്ങുന്നത്. ചൈനയിലെ ബെയ്ജിംഗില്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ട്.

Latest