Connect with us

Wayanad

തോട്ടം മേഖലയെ വിറപ്പിച്ച് കടുവകള്‍; കൂടും ക്യാമറയും സ്ഥാപിച്ചു

Published

|

Last Updated

മാനന്തവാടി: തവിഞ്ഞാല്‍ തോട്ടംമേഖലയില്‍ കറങ്ങുന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഒടുവില്‍ കൂട് സ്ഥാപിച്ചു. പാരിസണ്‍ എസ്റ്റേറ്റിലെ പതിനാലാം നമ്പര്‍ ഫീല്‍ഡിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
കാട്ടുപന്നികളെ വേട്ടയാടി കഴിഞ്ഞ ഒരാഴ്ചയിലേറെയായി തവിഞ്ഞാലിലെ വെണ്‍മണി കൊളങ്ങോട് ഗ്രാമത്തിലെത്തി ജനത്തെ വിറപ്പിക്കുന്ന കടുവയെ പിടികൂടുന്നതിനായി ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നാണ് കൂട് എത്തിച്ചത്. ഉന്നത വനം ഉദ്യോഗസ്ഥരുടെ നേതൃതത്തില്‍ പതിനാലാം ഫീല്‍ഡില്‍ കൂട് സ്ഥാപിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി ആറോളം നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൊന്നില്‍ കടുവയുടെ ഈ ചിത്രം പതിഞ്ഞു. നാട്ടിലെത്തിയത് പെണ്‍കടുവയാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കടുവയെ കുടുക്കുന്നതിനായി ഇരജീവിയെ കൂട്ടില്‍ കെട്ടിയിട്ട് വനംവകുപ്പ് കാത്തിരിക്കുകയാണ്. കെണിയൊരുക്കിയത് നാട്ടുകാര്‍ക്ക് തെല്ല് ആശ്വാസം പകര്‍ന്നിട്ടുണ്ട്. പുല്‍പ്പള്ളി കദവാ കുന്നില്‍ പശുവിനെ ആക്രമിച്ച കടുവയെ നിരീക്ഷിക്കുന്നതിനായി വനാതിര്‍ത്തിയില്‍ രണ്ട് ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും കൂട് വെക്കണമെന്ന ആവശ്യം ശക്തമായി.

Latest