Connect with us

Malappuram

പബ്ലിക് ഹെല്‍ത്ത് ലാബിനായി കാത്തിരിപ്പ് തുടരുന്നു

Published

|

Last Updated

മലപ്പുറം: ജില്ലക്ക് അനുവദിച്ച പബ്ലിക് ഹെല്‍ത്ത് ലാബിന് കെട്ടിടമൊരുങ്ങിയിട്ടും പ്രവര്‍ത്തന സജ്ജമായില്ല. ആവശ്യമായ തസ്തിക അനുവദിക്കാത്തതാണ് കാത്തിരിപ്പ് നീളാന്‍ കാരണം. 19 തസ്തികകളിലെ ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ നിയമിക്കേണ്ടത്.
എന്നാല്‍ സര്‍ക്കാര്‍ പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാല്‍ താത്കാലികമായി വര്‍ക്ക് അറേന്‍ജ്‌മെന്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടം സജ്ജമാണെന്നും ലാബിന്റെ പ്രവര്‍ത്തനമാരംഭിക്കാനുള്ള ജീവനക്കാരെ നിയോഗിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ജീവനക്കാരെ ഇങ്ങിനെ നിയമിക്കാന്‍ കഴിയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുകയാണ്. 22 ലക്ഷം രൂപ ചെലവിട്ടാണ് സിവില്‍ സ്റ്റേഷനില്‍ നിലവിലുണ്ടായിരുന്ന കെട്ടിടം ലാബ് സ്ഥാപിക്കുവാനായി നവീകരിച്ചത്.
എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ മഞ്ഞപ്പിത്തം തുടങ്ങി നിരവധി രോഗങ്ങള്‍ വ്യാപിക്കുമ്പോഴും കോഴിക്കോട് പബ്ലിക് ഹെല്‍ത്ത് ലാബിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയില്‍ നിന്ന് രോഗം സ്ഥിരീകരിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്താനാവാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. സാംക്രമിക രോഗനിര്‍ണയത്തിനും കുടിവെള്ള പരിശോധനക്കും ആഴ്ചകളും മാസങ്ങളും കാത്തിരിക്കാതെ റിപ്പോര്‍ട്ട് ജില്ലയില്‍ നിന്നുതന്നെ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കാനാണ് പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കാന്‍ തീരുമാനമായത്. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തടസമില്ലെന്നും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമറുല്‍ ഫാറൂഖ് പറഞ്ഞു.

Latest