Connect with us

National

ഡല്‍ഹിയില്‍ ഡീസല്‍ കാറുകളുടെ നിരോധം: അനുകൂല നിലപാടുമായി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് അനുകൂല നിലപാട്. രാജ്യ തലസ്ഥാനത്ത് പരിസ്ഥിതി മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഡീസല്‍ കാറുകള്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടത്. മലിനീകരണം കുറക്കാന്‍ തലസ്ഥാന നഗരിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഈ മാസം 15ന് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. ഡല്‍ഹിയില്‍ നിരത്തുകളില്‍നിന്ന് ഡീസല്‍ വാഹനങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കണോ അതോ ഡീസല്‍ വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ബെഞ്ചിന്റെ പരിഗണനക്ക് വരിക. അതേസമയം, ഡല്‍ഹിയിലെ നിരത്തുകളില്‍ ട്രക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയെന്ന വാദത്തോട് സുപ്രീം കോടതിയും യോജിച്ചു.
പരിസ്ഥിതി മലിനീകരണം പോലുള്ള അപകടകരമായ വിപത്ത് തടയാന്‍ ഒരു മാര്‍ഗം മാത്രമായി പിന്തുടരാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പകരം, പലതലങ്ങളിലുള്ള നീക്കത്തിലൂടെ മാത്രമേ തലസ്ഥാന നഗരിയില്‍ മലിനീകരണത്തോത് കുറക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി. അടുത്തമാസം ഒന്നുമുതല്‍ ഒന്നിടവിട്ട ദിവങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് പരാമര്‍ശിച്ച സുപ്രീം കോടതി, ഇതിന് പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പ്രചോദനമാകുന്ന തരത്തില്‍ നിരീക്ഷണം നടത്തിയിരിക്കുന്നത്.

Latest