Connect with us

Sports

ആഴ്‌സണല്‍, ചെല്‍സി നോക്കൗട്ടില്‍

Published

|

Last Updated

ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സണലും ചെല്‍സിയും നിര്‍ണായക മത്സരം ജയിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. എ എസ് റോമ, ഡൈനാമോ കീവ് എന്നിവര്‍ക്കൊപ്പം ബെല്‍ജിയം ക്ലബ്ബായ ജെന്റും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി.
ഇതോടെ, യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിനുള്ള പതിനാറ് ടീമുകളുടെ ലൈനപ്പായി.
ഗ്രൂപ്പ് ജേതാക്കള്‍ : റയല്‍മാഡ്രിഡ് (എ), വോള്‍സ്ബര്‍ഗ് (ബി), അത്‌ലറ്റിക്കോ മാഡ്രിഡ് (സി), മാഞ്ചസ്റ്റര്‍ സിറ്റി (ഡി), ബാഴ്‌സലോണ (ഇ), ബയേണ്‍ മ്യൂണിക് (എഫ്), ചെല്‍സി (ജി), സെനിത് (എച്ച്).
ഗ്രൂപ്പ് റണ്ണേഴ്‌സപ്പ് : പി എസ് ജി (എ), പി എസ് വി ഐന്തോവന്‍ (ബി), ബെനഫിക്ക (സി), യുവെന്റസ് (ഡി), റോമ (ഇ), ആഴ്‌സണല്‍ (എഫ്), ഡൈനാമോ കീവ് (ജി), ജെന്റ് (എച്ച്).

ജിറൂദിന്റെ ഹാട്രിക്കില്‍ ആഴ്‌സണല്‍
29,49,67 മിനുട്ടുകളില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് നേടിയ ഹാട്രിക്ക് ആഴ്‌സണലിനെ രക്ഷിച്ചു. ഒളിമ്പ്യാകോസിന്റെ തട്ടകത്തില്‍ 2-0 മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന ആഴ്‌സണല്‍ 3-0ന് ജയിച്ചു കയറുന്ന കാഴ്ചയായിരുന്നു. ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദം ഗ്രീക്ക് ക്ലബ്ബ് 3-2ന് ജയിച്ചിരുന്നു.
തുടരെ പതിനാറാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ സാധിച്ചത് വിമര്‍ശം നേരിടുന്ന ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ക്ക് പിടിവള്ളിയായി. വെംഗര്‍ക്ക് കീഴില്‍ ആഴ്‌സണലിന് വലിയ കിരീടവിജയങ്ങള്‍ അസാധ്യമാണെന്ന വിമര്‍ശം നിലനില്‍ക്കുമ്പോഴാണ് ആവേശകരമായി ടീം പ്രീക്വാര്‍ട്ടറിലെത്തുന്നത്. ജര്‍മന്‍ താരം മെസുറ്റ് ഒസില്‍, ആരോണ്‍ റാംസി എന്നിവരെല്ലാം തകര്‍ത്തു കളിച്ച മത്സരത്തില്‍ ഗോളി പീറ്റര്‍ ചെക് ഗോളെന്നുറച്ച ഒരു ഷോട്ടും തട്ടിമാറ്റി.
മാത്യു ഫഌമിനിയുടെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു കൊണ്ടാണ് ആഴ്‌സണലിന്റെ ആക്രമണം ആരംഭിക്കുന്നത്. അത് നിര്‍ഭാഗ്യത്തിന്റെ സൂചകമായില്ല, റാംസിയുടെ ക്രോസില്‍ ജിറൂദിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ ഉടന്‍ പിറന്നു. രണ്ടാം ഗോളായിരുന്നു കൂട്ടത്തില്‍ മികച്ചത്. സ്വന്തം ഹാഫില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ ജിറൂദ് കാംപെല്‍ തള്ളിക്കൊടുത്ത പന്ത് ഫസ്റ്റ് ടൈം ഷോട്ടില്‍ തൊടുത്ത ഗോള്‍ സ്‌ട്രൈക്കറുടെ പ്രതിഭ വെളിപ്പെടുത്തുന്നതായി. മൂന്നാം ഗോള്‍ നാചോ മോണ്‍റയലിന്റെ ഷോട്ടിനെ തുടര്‍ന്ന് ജിറൂദ് അനായാസം നേടി.
ഒളിമ്പ്യാകോസിന്റെ മുന്‍ താരമായ ജോയല്‍ കാംപെലിന് വലിയസ്വീകരണമാണ് മുന്‍ ഹോംഗ്രൗണ്ടില്‍ ലഭിച്ചത്. തകര്‍ത്തു കളിച്ച കാംപെല്‍ രണ്ട് ടീമിന്റെയും ആരാധകരുടെ കൈയ്യടി വാങ്ങി. ജിറൂദ് നേടിയ രണ്ടാം ഗോളിന്റെ ബുദ്ധികേന്ദ്രം കാംപെലായിരുന്നു.
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 2-0ന് ഡിനാമോ സാഗ്രെബിനെ തോല്‍പ്പിച്ചു. റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് രണ്ട് ഗോളും നേടിയത്. ആറ് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റോടെ ബയേണ്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ഒമ്പത് പോയിന്റോടെ ആഴ്‌സണല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒളിമ്പ്യാകോസിനും ഒമ്പത് പോയിന്റെങ്കിലും ആഴ്‌സണലിനോട് ഗോള്‍മാര്‍ജിനില്‍ പിറകിലായത് തിരിച്ചടിയായി.

ചെല്‍സി കരുത്തറിയിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി യൂറോപ്പില്‍ കരുത്തറിയിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ചെല്‍സി ഗ്രൂപ്പ് ജിയില്‍ നോക്കൗട്ട് യോഗ്യത നേടി. പതിമൂന്ന് പോയിന്റെടുത്ത ചെല്‍സി ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. പതിനൊന്ന് പോയിന്റോടെ ഡൈനാമോ കീവ് രണ്ടാം സ്ഥാനത്തെത്തി. പത്ത് പോയിന്റുള്ള എഫ് സി പോര്‍ട്ടോയുടെ പുറത്താകല്‍ ഞെട്ടിക്കുന്നതായി. പന്ത്രണ്ടാം മിനുട്ടില്‍ മാര്‍സാനോയുടെസെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ചെല്‍സിയുടെ രണ്ടാം ഗോള്‍ ബ്രസീലിയന്‍ അറ്റാക്കര്‍ വില്യന്‍ നേടി. വില്യന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. മികച്ച ഫോമില്‍ തുടരുന്ന ബ്രസീലിയന്‍ താരത്തെ കേന്ദ്രീകരിച്ചാണ് കോച്ച് ജോസ് മൗറിഞ്ഞോ നീലപ്പടയുടെ തന്ത്രങ്ങളൊരുക്കുന്നത്. ഫ്രീകിക്ക് എടുക്കാനുള്ള ദൗത്യമെല്ലാം വില്യനില്‍ നിക്ഷിപ്തം.
സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തിയത് ശ്രദ്ധേയമായി. പകരക്കാരനായിട്ട് പോലും കളത്തിലിറക്കാത്തതില്‍ പ്രതിഷേധിച്ച് കോസ്റ്റ കോച്ച് മൗറിഞ്ഞോക്ക് നേരെ വിബ്‌സ് എറിഞ്ഞിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ടീം ലൈനപ്പിലെ കോസ്റ്റയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.

Latest