Connect with us

Malappuram

ആയൂര്‍വേദ ചികിത്സാ രംഗം അത്യാസന്ന നിലയില്‍

Published

|

Last Updated

കോട്ടക്കല്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും കാരണം ഭാരതീയ ചികിത്സാ രംഗത്തെ അത്യാസന്ന നിലയിലേക്ക്. സംസ്ഥാനത്ത് ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 127 ആശുപത്രികളും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലായി അഞ്ച് ആയൂര്‍വേദ കോളജുകളുമാണുള്ളത്. ഇതില്‍ തന്നെ മൂന്ന് മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് സര്‍ക്കാറിന് കീഴിലുള്ളത്. 127 ആശുപത്രികളില്‍ 64 എണ്ണം കഴിച്ച് ബാക്കിയെല്ലാം അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.
തൃപ്പൂണിത്തുറ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. കോട്ടക്കല്‍, ഒല്ലൂര്‍ എന്നിവ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇവയില്‍ ആകെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം 4000 രോഗികള്‍ക്ക് മാത്രമാണ്. ജനസംഖ്യ മൂന്നു കോടിയിലേറെ വരുന്ന അവസരത്തിലാണ് ആയൂര്‍വേദ ചികിത്സാ രംഗം ഇത്രയും താഴെ കിടയിലാകുന്നത്. കിടത്തി ചികിത്സയുടെ കാര്യമാണ് ഏറെ കഷ്ടം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 64 ആശുപത്രികളിലും പത്ത് കിടക്കകള്‍ മാത്രമാണുള്ളത്. താലൂക്ക് ആശുപത്രികളില്‍ 30 കിടക്കകള്‍ മാത്രം. നൂറ് കിടക്കകളുള്ള മൂന്ന് ആശുപത്രികള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. 50 കിടക്കകളെങ്കിലും താലൂക്ക് തലത്തില്‍ വേണ്ടിടത്താണ് ഈ ദുരിതം. ഏറെ സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പരിസ്ഥിതി സംതുലിതവുമായ ആയൂര്‍വേദത്തോട് ജനങ്ങള്‍ കൂടുതല്‍ താത്പര്യം കാണിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ രംഗത്തെ അവഗണിക്കുകയാണ്. ആയൂര്‍വേദ ആശുപത്രികളിലേക്കുള്ള മരുന്നിനായി നാമമാത്ര തുകയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ചികിത്സക്കുള്ള തൈലങ്ങളും ചൂര്‍ണങ്ങളും പുറത്ത് നിന്നും വാങ്ങണം. കിടപ്പു രോഗികളുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ദിവസത്തിന് 30 രൂപയാണ് അനുവദിക്കുന്നത്. ആയൂര്‍വേദ ചികിത്സാ രംഗത്തെ രക്ഷിക്കാന്‍ അടിസ്ഥന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് മാര്‍ഗം. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇതിന് പുറമെ വിദഗ്ധരായ തെറാപ്പിസ്റ്റുമാരെ നിയമിച്ച് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയാല്‍ മാത്രമെ ആയൂര്‍വേദ ചികിത്സാ രംഗത്തെ രക്ഷിക്കാനാവൂ.

Latest