Connect with us

Gulf

ദോഹ മെട്രോ: 67 കിലോ മീറ്റര്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി

Published

|

Last Updated

എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സുബൈഇ

ദോഹ: ദോഹ മെട്രോയുടെ 67 കിലോമീറ്റര്‍ തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചതായി ഖത്വര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സുബൈഇ അറിയിച്ചു. ദോഹ മെട്രോയുടെ തുരങ്ക ദൈര്‍ഘ്യം മൊത്തം 113 കിലോമീറ്റര്‍ ആണ്. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബിസിനസ്സ് സമൂഹത്തിലെ 80 അംഗങ്ങള്‍ പങ്കെടുത്തു.
ഖത്വറിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഗതാഗതത്തിനും സുരക്ഷക്കും പ്രാധാന്യമുണ്ട്. ലോകോത്തര നിലവാരമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രധാന റെയില്‍ പദ്ധതികളായ ദോഹ മെട്രോ, ദീര്‍ഘദൂര യാത്രാ, ചരക്ക് തീവണ്ടിപ്പാത, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാം എന്നിവയെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. മറ്റ് രാഷ്ട്രങ്ങളില്‍ 20 വര്‍ഷം എടുക്കുന്ന പദ്ധതികളാണ് ഖത്വര്‍ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുക. മോട്രോ പ്രവര്‍ത്തനസജ്ജമായി രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും പ്രതിദിനം 6.4 ലക്ഷം യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകും. പത്ത് വര്‍ഷം കഴിയുമ്പോള്‍ 1.65 മില്യന്‍ യാത്രക്കാരുണ്ടാകും. തീവണ്ടിപ്പാത കടന്നുപോകുന്ന മേഖലയിലെ 75 ശതമാനം ആളുകളും മുവാസലാത് അടക്കമുള്ള പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന തരത്തില്‍ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. യാത്രാ സമയത്തിലെ ഗണ്യമായ കുറവും കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയുന്നതും ഈ പദ്ധതികളുടെ പ്രത്യേകതകളാണ്. ഗുണമേന്മയുള്ള ജീവിതത്തിലേക്ക് ഇത് നയിക്കും.
ശക്തമായ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വിദേശ നിക്ഷേപം അനിവാര്യമാണ്. അടുത്ത വര്‍ഷം നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ബാഹുല്യമാണ് ഉണ്ടാകുക. തുരങ്ക നിര്‍മാണവും മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. അതിന് ശേഷം ട്രാക്കും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഒരുക്കും.
പ്രാദേശിക സ്വകാര്യ മേഖലക്ക് ഈ പദ്ധതിയില്‍ കാര്യമായ പങ്കുണ്ട്. പ്രാദേശിക കമ്പനികള്‍ക്ക് എഴുന്നൂറിലേറെ കരാറുകളാണ് നല്‍കിയത്. അടിസ്ഥാന സൗകര്യ വികസനം, ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് മികച്ച അവസരങ്ങളുണ്ട്. ഖത്വര്‍ റെയില്‍ ടെന്‍ഡറുകളില്‍ അമേരിക്കന്‍ കമ്പനികള്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സുബൈഇ സൂചിപ്പിച്ചു.
ഖത്വറിന്റെയും അമേരിക്കയുടെയും ഇടയില്‍ ശക്തമായ വ്യാപാര ബന്ധം അനിവാര്യമാണെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ റോബര്‍ട്ട് ഹേഗര്‍ പറഞ്ഞു. ഖത്വര്‍ റെയില്‍ പദ്ധതിയില്‍ നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ഭാഗമായിട്ടുണ്ട്. മികച്ച ബിസിനസ് അവസരങ്ങള്‍ അമേരിക്കന്‍ കമ്പനികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest