Connect with us

National

'ബീഫ് കഴിക്കുന്നവര്‍ക്ക് ആര്‍ എസ് എസിലേക്ക് സ്വാഗതം'

Published

|

Last Updated

ഇറ്റാനഗര്‍: ബീഫ് കഴിക്കുന്നവര്‍ തങ്ങളുടെ സംഘടനയിലുണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെയുള്ളവര്‍ക്ക് ആര്‍ എസ് എസില്‍ ചേരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ആര്‍ എസ് എസ് അഖിലേന്ത്യ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ. അരുണാചല്‍ പ്രദേശില്‍ നടക്കുന്ന സംഘടനയുടെ പ്രചാരണ യോഗത്തിലാണ് മന്‍മോഹന്‍ വൈദ്യ ഇങ്ങനെ പ്രസ്താവിച്ചത്. ഒരു സാമൂഹിക സംഘടനയാണ് ആര്‍ എസ് എസ്, ആരുടെയെങ്കിലും ഭക്ഷണ ശീലങ്ങള്‍ സംഘടനയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും വൈദ്യ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലുള്ളവര്‍ സ്ഥിരമായി ബീഫ് കഴിക്കുന്നവരാണെന്നും കൂടാതെ നിരവധി ആര്‍ എസ് എസുകാര്‍ ബീഫ് കഴിക്കുന്നവരായുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്ത ആര്‍ എസ് എസ് പ്രതിനിധികള്‍ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബീഫ് നിരോധവുമായി ആര്‍ എസ് എസും മറ്റ് ഹിന്ദു സംഘടനകളും വലിയ ചര്‍ച്ചകളും സമരങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അഖിലേന്ത്യ പ്രചാര്‍ പ്രമുഖ് ഇങ്ങനെയൊരു നിലപാടുമായി മുന്നോട്ട് വരുന്നത്. ആര്‍ എസ് എസ് നിലപാടുകള്‍ക്ക് നേരെ വിപരീതമായ മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. എന്നാല്‍, മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവനയോട് ഇതു വരെ മറ്റു നേതാക്കള്‍ പ്രതികരിച്ചിട്ടില്ല .