Connect with us

Kerala

യാത്രക്കൊരുങ്ങി പാര്‍ട്ടികള്‍; നിയമസഭാ തിരഞ്ഞെടുപ്പിന് നിലമൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നില മൊരുക്കല്‍ സജീവം. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അണികളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പാര്‍ട്ടികളെല്ലാം കേരളയാത്ര പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി സംവിധാനം സജീവമാക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ജാഥകള്‍.
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും നയിക്കുന്ന ജാഥകള്‍ അടുത്ത മാസം കാസര്‍കോട് നിന്ന് തുടങ്ങും. മുസ്‌ലിം ലീഗിന്റെ കേരള യാത്രക്ക് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടിയും കേരളാകോണ്‍ഗ്രസിന്റെ യാത്രക്ക് കെ എം മാണിയും ഒരുങ്ങുകയാണ്. ബി ജെ പിയും കേരളയാത്ര നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
തിരഞ്ഞെടുപ്പ് വിളിപ്പാടകലെയുണ്ടെന്നതിന്റെ സൂചനകളാണ് കേരളത്തെ കത്തിച്ചുനിര്‍ത്തുന്ന വിവാദങ്ങള്‍. ഭരണത്തില്‍ തിരിച്ചെത്തുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തി എല്‍ ഡി എഫും ഭരണത്തുടര്‍ച്ചക്കായി യു ഡി എഫും സര്‍വശക്തിയും ഗോദയിലേക്കായി സംഭരിക്കുകയാണ്. സീറ്റ് വിഭജനം മുതല്‍ നായകന്‍ ആരെന്നതില്‍ വരെ പരിഹരിക്കേണ്ട തര്‍ക്കങ്ങള്‍ വരാനിരിക്കുകയാണെങ്കിലും ഒരുക്കങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല.
വിവാദ വിഷയങ്ങള്‍ കത്തിച്ചുനിര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് എല്‍ ഡി എഫ് പയറ്റുന്നത്. ബാര്‍ കോഴ സജീവമാക്കി നിര്‍ത്തുന്നതും സോളാര്‍ കേസ് അന്തരീക്ഷത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിലും ഇത് വ്യക്തമാണ്.
സര്‍ക്കാറാകട്ടെ, വിവാദങ്ങള്‍ക്കപ്പുറം വികസനം പ്രചാരണയുധമാക്കുകയാണ്. നിയമസഭാ സമ്മേളനത്തിന്റെ ഇടവേളയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഡല്‍ഹി സന്ദര്‍ശനം പോലും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വിഴിഞ്ഞം നിര്‍മാണം ഉദ്ഘാടനം നിര്‍വഹിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ മൂന്ന് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കാന്‍ ഒരുങ്ങുകയാണ്.
പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കുന്നില്ലെന്നും നേരത്തെ പറഞ്ഞതിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വികസന പദ്ധതികളിലൂടെ ഭരണ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയെന്ന ലക്ഷ്യമാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്നത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്ന കേരളയാത്രക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ നായകനാക്കി യു ഡി എഫും ജാഥ നടത്തിയേക്കും.
എല്‍ ഡി എഫാകട്ടെ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ നല്‍കുന്ന ഊര്‍ജവുമായാണ് കരുക്കള്‍ നീക്കുന്നത്. സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ ആയുധമാക്കിയാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പലവിധ തന്ത്രങ്ങള്‍ക്കാണ് സി പി എം രൂപംനല്‍കിയിരിക്കുന്നത്.
ജനുവരി ആദ്യവാരം നടക്കുന്ന കേരള പഠന കോണ്‍ഗ്രസിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് തീരുമാനം. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് കീഴില്‍ നടത്തുന്ന പഠന കോണ്‍ഗ്രസ് കേരളത്തിന്റെ വികസന പ്രശ്‌നങ്ങളിലെ ഇടതുപക്ഷ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. ബദല്‍ വികസന നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാണ് പഠനകോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ പിണറായി വിജയന്റെ ജാഥയും തുടങ്ങും.
തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ ആര് നയിക്കുമെന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് ജാഥാ ക്യാപ്റ്റന്റെ തിരഞ്ഞെടുപ്പ്. വി എസ് അച്യുതാനന്ദന്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറായി നില്‍ക്കെയാണ് പിണറായി വിജയനെ ക്യാപ്റ്റനാക്കി സി പി എം ജാഥ നടത്തുന്നത്. ജാഥയിലെ സ്ഥിരാംഗങ്ങളുടെ തിരഞ്ഞെടുപ്പും അതീവ ശ്രദ്ധയോടെയാണ് നടത്തിയത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന് മുന്‍തൂക്കം നല്‍കുന്ന പതിവ് മാറ്റിയും എം എല്‍ എമാരെ ഒഴിവാക്കിയും യുവ, പുതുമുഖങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയുമാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.
അഴിമതി ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായാണ് കെ എം മാണി യാത്രക്ക് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ജാഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗും ജാഥ നടത്താന്‍ തീരുമാനിച്ചത്.

Latest