Connect with us

Kerala

നടപടി ഐ ബി റിപ്പോര്‍ട്ട് പ്രകാരമെന്ന് വെള്ളാപ്പള്ളി: വാദം തള്ളി ഐ ബി

Published

|

Last Updated

ചേര്‍ത്തല: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംബന്ധിച്ചാല്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഓഫീസില്‍നിന്ന് അറിയിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന ആഭ്യമന്ത്രവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരില്‍നിന്നും പ്രതിഷേധം ഉയരാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി നേരന്ദ്രമോദിക്ക് പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിയാതെ വരുമെന്നും ഐ ബി മുന്നറിയിപ്പ് നല്‍കിയതായാണ് യോഗം ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ വാദം ഇന്റലിജന്‍സ് ബ്യൂറോ തള്ളി. ചടങ്ങിന് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നും, ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെയാകും ആദ്യം ഇക്കാര്യം അറിയിക്കുക എന്നും ഐ ബി വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കാതിരിക്കുന്നത് യോഗം പ്രവര്‍ത്തകര്‍ക്ക് വിഷമമാകുമെന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വിവാദത്തിന് താനില്ല. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞവരെല്ലാം ഈ വിഷയത്തില്‍ പിന്തുണയുമായെത്തിയിരിക്കുകയാണ്. എല്ലാ വിവാദങ്ങളില്‍നിന്നും ഇതോടെ അദ്ദേഹം തലയൂരിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടേയും, അദ്ദേഹത്തിന്റെ ഓഫീസിന്റേയും വാദങ്ങള്‍ ഐ ബി തള്ളിയതോടെ, ഇതെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വെള്ളാപ്പള്ളി നടേശന്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. മുഖ്യമന്ത്രിയെ കൂടാതെ സ്ഥലം എം എല്‍ എ കൂടിയായ എ എ അസീസിനെയും പരിപാടിയില്‍ നിന്ന് ഒഴിവാക്കി. പരിപാടിക്ക് നേരത്തെ ക്ഷണിച്ചെങ്കിലും നോട്ടീസില്‍ നിന്ന് അസീസിന്റെ പേര് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെങ്കില്‍ സ്ഥലം എം എല്‍ എയെ ഒഴിവാക്കിയതിന്റെ കാരണം ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.