Connect with us

International

ട്രംപിന്റെ പ്രസ്താവനക്കെതിരെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും; മുസ്ലിംകളെ പിന്തുണക്കണം

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനക്കെതിരെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും രംഗത്ത്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അസഹിഷ്ണുതാ പ്രസ്താവനകള്‍ നിരാശപ്പെടുത്തുന്നുവെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. യുഎസിലും ലോകമെമ്പാടുമുള്ള മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും നാം പിന്തുണക്കണമെന്നും “നമ്മുടെ ഭയം മൂല്യങ്ങളെ പരാജയപ്പെടുത്താതിരിക്കട്ടെ” എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസില്‍ എത്തിയ സംഭവം ഓര്‍മിച്ചുകൊണ്ടാണ് സുന്ദര്‍ പിച്ചൈ ബ്ലോഗ് ആരംഭിക്കുന്നത്. പുതിയ അമേരിക്കക്കാരുടെ ഹൃദയ വിശാലതയും സഹിഷ്ണുതയും സ്വീകാര്യതയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന് എന്നും പിച്ചൈ പറയുന്നു. അതേസമയം ഡൊണാള്‍ഡ് ട്രംപിനെ ഒരിടത്തും പേരെടുത്ത് വിമര്‍ശിക്കുന്നില്ല.

നേരത്തെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ളവരും നിരവധി ലോക നേതാക്കളും ട്രംപിന്റെ പ്രസ്താവനക്ക് എതിരെ രംഗത്ത് വന്നിരുന്നു. മുസ്ലിംകള്‍ യുഎസില്‍ വരുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം എന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവന.

---- facebook comment plugin here -----

Latest