Connect with us

Gulf

മുംബൈയിലെ ടെര്‍മിനല്‍ സംയോജനം ഗള്‍ഫ് കണക്ഷന്‍ യാത്രക്ക് സൗകര്യമാകും

Published

|

Last Updated

ദോഹ: മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടിലെ ടെര്‍മിനലുകളുടെ സംയോജനം ഫെബ്രുവരിയില്‍ പൂര്‍ണമാകും. ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ കണക്ഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പരിഷ്‌കരണം.
ഫെബ്രുവരില്‍ പരിഷ്‌കരണം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫില്‍ നിന്നും കണക്ഷന്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ടെര്‍മിനല്‍ മാറ്റം വേണ്ടി വരില്ല. നിലവില്‍ ടെര്‍മിനല്‍ ഒന്ന് (സാന്റാക്രൂസ്) ആണ് ഡൊമസ്റ്റിക് ടെര്‍മിനലായി പ്രവര്‍ത്തിക്കുന്നത്. നവീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം തുറന്ന ടെര്‍മിനല്‍ രണ്ട് (സഹാര്‍) രാജ്യാന്തര ടെര്‍മിനലായും പ്രവര്‍ത്തിക്കുന്നു. ടെര്‍മിനലുകള്‍ ഉപയോഗിക്കുന്ന റണ്‍വേ ഒന്നാണെങ്കിലും രണ്ടു സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ടെര്‍മിനലുകളിലേക്കുള്ള മാറ്റം യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. മുംബൈയിലെ ടെര്‍മിനല്‍ മാറ്റം നിരക്കു കുറവുള്ളപ്പോഴും കണക്ഷന്‍ ടിക്കറ്റെടുക്കുന്നതില്‍ നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി മുതല്‍ സഹാര്‍ ടെര്‍മിനലില്‍നിന്നാകും ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ സര്‍വീസ് നടത്തുക. പ്രധാനമായും രാജ്യാന്ത സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ, ജെറ്റ് വിമാനങ്ങളാണ് ആദ്യം ടെര്‍മിനല്‍ രണ്ടിലേക്കു മാറുക. തുടര്‍ന്ന് മറ്റു വിമാനങ്ങളും മാറും. ഇത് ടെര്‍മിനല്‍ മാറ്റത്തിന്റെ സമയനഷ്ടവും ഒഴിവാക്കാനാകുന്നതോടെ കുറഞ്ഞ സമയം മാത്രം കാത്തിരിക്കേണ്ടി വരുന്ന രീതിയില്‍ കണക്ഷന്‍ ടിക്കറ്റുകള്‍ നല്‍കാന്‍ കഴിയുമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, ടെര്‍മിനല്‍ സംയോജിപ്പിക്കപ്പെടുമെങ്കിലും ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുംബൈയില്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന നടത്തേണ്ടി വരും. ലഗേജ് സ്വീകരിച്ച് കണക്ഷന്‍ വിമാനത്തിലേക്കു മാറ്റുകയും വേണം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ നിയമം അനുസരിച്ച് രാജ്യത്തേക്കു വരുന്നവര്‍ ആദ്യം ഇറങ്ങുന്ന എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നുള്ളതിനാലാണ് ഇതെന്ന് ജെറ്റ് എയര്‍വേയ്‌സ് സീനിയര്‍ ഓഫീസര്‍ പറഞ്ഞു.

Latest