Connect with us

International

കാബൂളിലെ താലിബാന്‍ ആക്രമണം: സൈനിക ദൗത്യം പൂര്‍ണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്ത് സ്പാനിഷ് എംബസിക്ക് സമീപത്തെ ഗസ്റ്റ് ഹൗസിന് നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
രണ്ട് സ്പാനിഷ് പൗരന്‍മാര്‍, ഒരു അഫ്ഗാനിസ്ഥാന്‍കാരന്‍, അഞ്ച് പോലീസുകാര്‍ എന്നിവര്‍ക്ക് പുറമെ നാല് അക്രമികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ തങ്ങളുടെ രണ്ടാമത്തെ പോലീസുകാരനും കൊല്ലപ്പെട്ടതായി ഇന്നലെ സ്‌പെയിന്‍ പ്രഖാപിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയാണ് തീവ്രവാദികള്‍ എംബസി ലക്ഷ്യമിട്ടെത്തിയത്. ഷയിര്‍പൂരിലെ ഗസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തില്‍വെച്ച് ഒരു തീവ്രവാദി സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയും ഈ സമയം മൂന്ന് തീവ്രവാദികള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നുവെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഉടന്‍തന്നെ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് തീവ്രവാദികളെ നേരിട്ടുവെന്നും മന്ത്രാലയം പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 12 നയതന്ത്ര പ്രതിനിധികളെ പോലീസ് രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഫ്ഗാനിസ്ഥാനികളും വിദേശികളുമടക്കം 47പേരെയും സുരക്ഷാ സേന പുറത്തെത്തിച്ചിട്ടുണ്ട്.
പ്രദേശം സുരക്ഷാ സേന സീല്‍ ചെയ്തിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് പോലീസും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചത്. നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും ഏഴ് സിവിലിയന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പുറമെ നാല് അക്രമികളും കൊല്ലപ്പെട്ടതായി മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവനയിലുണ്ട്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ളതുകൊണ്ടാണ് ഓപ്പറേഷന് കൂടുതല്‍ സമയമെടുത്തതെന്ന് കാബൂള്‍ പോലീസ് തലവന്‍ അബ്ദുര്‍റഹ്മാന്‍ റഹിമി പറഞ്ഞു. ഭൂകമ്പമുണ്ടായെന്നാണ് ആദ്യം തനിക്ക് തോന്നിയതെന്നും പിന്നീട് പ്രദേശമാകെ പുകകൊണ്ട് കറുത്തുവെന്നും തന്റെ വീടിന്റെ ജനലുകള്‍ തകര്‍ന്നതായും പ്രദേശവാസിയായ മുഹമ്മദ് മുര്‍താസ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
പ്രതിരോധത്തിന്റെ ഭാഗമായി താലിബാന്‍ ഏപ്രില്‍ മുതല്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയതിന്റെ ഫലമായി നൂറ്കണക്കിന് സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിനെ പിന്തുണക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ താലിബാന്‍ ഔദ്യോഗിക പരിപാടികള്‍, സൈനികവ്യൂഹങ്ങള്‍, എന്നിവക്ക് പുറമെ തങ്ങള്‍ ലക്ഷ്യംവെക്കുന്നയിടങ്ങളില്‍നിന്നും അകന്നുനില്‍ക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
താലിബാന്‍ ആരംഭിച്ച പുതിയ ആക്രമണ പദ്ധതിയായ അസമിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആക്രമണമെന്ന് താലിബാന്‍ വക്താവെന്ന് കരുതുന്ന സബിയുല്ല മുജാഹിദ് പറഞ്ഞു. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ എയര്‍പോര്‍ട്ട് സമുച്ചയത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഇപ്പോഴത്തെ ആക്രമണം.