Connect with us

National

പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടങ്ങാന്‍ നിരവധി മാവോയിസ്റ്റ് നേതാക്കള്‍

Published

|

Last Updated

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ നിരവധി മാവോയിസ്റ്റ് നേതാക്കള്‍ കാത്തിരിക്കുന്നതായി ഝാര്‍ഖണ്ഡ് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതോടൊപ്പം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നിര്‍ണായക പങ്കാണ് ഇന്റലിജന്‍സ് വഹിക്കുന്നത്. ഇത്തരത്തില്‍ 13ഓളം മാവോയിസ്റ്റ് നേതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ കീഴടക്കാനുള്ള നീക്കം.
കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തില്‍ കീഴടങ്ങാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പൂര്‍ണമായി സൗരോര്‍ജം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ കോടതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഖുന്തിയിലെത്തുമ്പോള്‍ കീഴടങ്ങാനായിരുന്നു നീക്കം. പക്ഷേ, അന്ന് സ്ഥിതിഗതികളിലുണ്ടായ മാറ്റം അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. മാവോയിസ്റ്റുകളുമായി തങ്ങള്‍ നടത്തിവരുന്ന അനുരഞ്ജന ശ്രമങ്ങള്‍ അപ്പപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ ധരിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, കീഴടങ്ങുമ്പോള്‍ തങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് മാവോയിസ്റ്റുകള്‍ ആശങ്ക പങ്കുവെച്ചിരുന്നു. അതില്‍ അനൂകൂലമായ സര്‍ക്കാര്‍ നീക്കമുണ്ടായാല്‍ കീഴടങ്ങുന്നതിനുള്ള സന്നദ്ധത അവര്‍ ഉറപ്പിച്ചുപറയുകയും ചെയ്തു. മേഖലാ കമാന്‍ഡര്‍ മുതല്‍ പ്രാദേശിക അംഗം വരെയുള്ളവര്‍ ആയുധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായ നിരന്തരം മെസഞ്ചര്‍ വഴി ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് സംസ്ഥാന പോലീസ് വക്താവ് എസ് എന്‍ പ്രധാനും പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാറിന്റെ കീഴടങ്ങല്‍ നയപ്രകാരം മാവോയിസ്റ്റ് സംഘടനയുടെ നേതാക്കള്‍ക്ക് അവരുടെ സ്ഥാനം അനുസരിച്ചാണ് സാമ്പത്തിക സഹായം നല്‍കുക. പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 25 ലക്ഷവും പ്രാദേശിക കമ്മിറ്റി അംഗങ്ങള്‍ക്ക് 15 ലക്ഷം, മേഖലാ കമ്മിറ്റി അംഗങ്ങള്‍ക്ക് 10 ലക്ഷം, ഉപ മേഖലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം, സാധാരണ പ്രവര്‍ത്തകന് 2.5 ലക്ഷം രൂപവരെയാണ് കീഴടങ്ങല്‍ ധനസഹായം ലഭിക്കുക. മാത്രമല്ല, കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് തൊഴില്‍ പരിശീലനവും 5000 രൂപ പ്രതിമാസ സ്റ്റൈപ്പന്റും നല്‍കാറുണ്ട്.
എന്നാല്‍, കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ കേസുകള്‍ സംബന്ധിച്ച് വ്യക്തത പലപ്പോഴും ലഭിക്കാറില്ല. ഇതേത്തുടര്‍ന്ന് പല മാവോയിസ്റ്റുകളും കീഴടങ്ങിയ ശേഷം പ്രതിസന്ധിയിലായ ചരിത്രവുമുണ്ട്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടി അടുത്തിടെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിവിധ കോടതികളില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2010 ന് ശേഷം സംസ്ഥാനത്ത് 79 മാവോയിസ്റ്റുകളാണ് കീഴടങ്ങിയിട്ടുള്ളത്.

Latest