Connect with us

Kerala

മത്സരിക്കാനൊരുങ്ങി സുധീരനും

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. വി എസ് അച്യുതാനന്ദന്‍ മത്സര സന്നദ്ധത അറിയിച്ച് സി പി എമ്മില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സമാന സാഹചര്യമാണ് കോണ്‍ഗ്രസിലും രൂപപ്പെടുന്നത്. എ, ഐ ഗ്രൂപ്പുകളുടെ ഒരുമിച്ചുള്ള ചെറുത്ത് നില്‍പ്പില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അവസരം കെ പി സി സി പ്രസിഡന്റ് പദവി ഉപയോഗിച്ച് തിരിച്ചുപിടിക്കാനാണ് സുധീരന്റെ ശ്രമം. പാര്‍ട്ടിക്കുള്ളിലെ തന്റെ അടുപ്പക്കാരോടെല്ലാം മത്സര സന്നദ്ധത സുധീരന്‍ തുറന്നു പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിയിലെ തന്റെ വിശ്വസ്തരില്‍ ചിലര്‍ക്ക് സീറ്റ് ഉറപ്പിക്കാനും സുധീരന്‍ കരുക്കള്‍ നീക്കുന്നുണ്ട്.
കെ പി സി സി പ്രസിഡന്റ് പദവിയിലെത്തും വരെ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത നിലപാടെടുത്തിരുന്ന വി എം സുധീരന്‍ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെയും ഹൈക്കമാന്‍ഡിനെയും തന്റെ താത്പര്യം അറിയിക്കുകയും ചെയ്തു. അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല മത്സര രംഗത്തേക്ക് വന്ന സാഹചര്യം നേതൃപദവിയെ ചൊല്ലി ആശയക്കുഴപ്പം സൃഷ്ടിച്ചതിനാല്‍ സുധീരന്‍ കൂടി മത്സരിക്കുന്നത് ഉചിതമാകില്ലെന്ന് ഇരു ഗ്രൂപ്പുകളും ഒരുമിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെയാണ് നീക്കം പാളിയത്. തൃശൂരിലെ മണലൂരില്‍ നിന്ന് ജനവിധി തേടാനാണ് സുധീരന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിക്കാന്‍ ആഗ്രഹിച്ചതും മണലൂരില്‍ നിന്നായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണലൂരിനെ നിലവില്‍ പ്രതിനിധാനം ചെയ്യുന്നത് പി എ മാധവനാണ്. നേരിയ ഭൂരിപക്ഷത്തിനാണ് മാധവന്‍ കഴിഞ്ഞ തവണ ജയിച്ചു കയറിയത്.
സംസ്ഥാന കോണ്‍ഗ്രസില്‍ ഇരട്ട പദവി ഒഴിവാക്കിയിട്ടുണ്ടെങ്കിലും രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന് ഈ മാനദണ്ഡത്തില്‍ ഇളവ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷം മന്ത്രിയാകും വരെ അദ്ദേഹം കെ പി സി സി പ്രസിഡന്റ് പദവിയില്‍ തുടരുകയും ചെയ്തു. ഈ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാകും സുധീരനും കളത്തിലിറങ്ങുക.
സുധീരനും കൂടി മത്സരിക്കാന്‍ ഇറങ്ങുന്നതോടെ തിരഞ്ഞെടുപ്പിലെ നായകന്‍ ആരെന്നതില്‍ കൂടുതല്‍ ആശയക്കുഴപ്പം വരും. വി എസ് അച്യുതാനന്ദന്‍ എല്‍ ഡി എഫിനെ നയിക്കാന്‍ ഇറങ്ങിയാല്‍ നേരിടാന്‍ നല്ല മുഖം സുധീരനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയില്‍ നിന്ന് തന്നെയാകും ഉമ്മന്‍ ചാണ്ടി മത്സരിക്കുക. ഹരിപ്പാടാണ് രമേശ് ചെന്നിത്തലയുടെ സിറ്റിംഗ് സീറ്റ്. പാര്‍ലിമെന്ററി പാര്‍ട്ടിയുടെ നേതൃപദവി അടുത്ത തവണ രമേശ് ചെന്നിത്തലക്ക് നല്‍കണമെന്ന ആവശ്യം ഐ ഗ്രൂപ്പില്‍ നിന്ന് ഉയരും എന്നിരിക്കെയാണ് സുധീരന്‍ കൂടി ചിത്രത്തിലേക്ക് വരുന്നത്. തിരഞ്ഞെടുപ്പ് ആകുന്നതോടെ നേതൃത്വം രമേശ് ചെന്നിത്തലക്ക് എന്ന പ്രചാരണം നല്‍കുകയാണ് ഐ ഗ്രൂപ്പ് ലക്ഷ്യം.
ഉമ്മന്‍ ചാണ്ടിക്ക് ഒരു അവസരം കൂടിയെന്നതില്‍ വിട്ടുവീഴ്ചക്ക് എ ഗ്രൂപ്പും സന്നദ്ധമാകില്ല. ഭരണനേട്ടം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നായകന്‍ മുഖ്യമന്ത്രി തന്നെയാകണമെന്നാണ് അവരുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രതികൂലമാകുമെങ്കിലും ഹൈക്കമാന്‍ഡും ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കാനാണ് സാധ്യത.

Latest