Connect with us

Kannur

കേരളത്തിലെ നാട്ടുപക്ഷികള്‍ കാണാമറയത്തേക്ക്

Published

|

Last Updated

കണ്ണൂര്‍: കേരളത്തില്‍ ഒരു പതിറ്റാണ്ടു മുമ്പുവരെ പതിവായി കണ്ടിരുന്ന നാട്ടുപക്ഷികളില്‍ പലതും കാണാമറയത്തേക്ക്. മാറുന്ന കാലാവസ്ഥയും ഗ്രാമങ്ങളിലെ വന്‍തോതിലുള്ള പരിസ്ഥിതി നാശവുമാണ് നാട്ടു പക്ഷികളില്‍ പല വര്‍ഗങ്ങളുടെയും എണ്ണം കുറച്ചത്. ആധികാരികമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും വിവിധ പക്ഷി നിരീക്ഷണ സംഘങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും പഠന പ്രകാരം പ്രാദേശികമായി കണ്ടുവരുന്ന പക്ഷികളില്‍ നിരവധി ഇനങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങിയതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 20 കക്ഷികളിലും 75 ഗോത്രങ്ങളിലുമായി 1200 ഗണങ്ങളില്‍ പെടുന്ന പക്ഷികളുണ്ട്. ഇതില്‍ നല്ലൊരു പങ്ക് കേരളത്തിലെ പക്ഷിക്കൂട്ടത്തില്‍പ്പെടും. 80 ഓളം ഇനത്തില്‍പ്പെട്ട നാട്ടുപക്ഷികളെ സാധാരണമായി കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കണ്ടുവന്നിരുന്നു. എന്നാല്‍ മുമ്പ് സ്ഥിരമായി കാണാറുള്ള പലതും ഇപ്പോള്‍ അപൂര്‍വ കാഴ്ചയായി.
അങ്ങാടിക്കുരുവി, കാരാടന്‍ ചാത്തന്‍, നാട്ട് ബുള്‍ ബുള്‍, വണ്ണാത്തിപ്പുള്ള്, നാട്ടുമരം കൊത്തി, അയോറ, കല്‍മണ്ണാത്തി, തത്തച്ചിന്നന്‍, വിഷുപക്ഷി, ഉപ്പുപ്പന്‍, കുളക്കോഴി, കാവി, പുള്ളിനത്ത്, കഴുകന്‍ തുടങ്ങി നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന പക്ഷികളില്‍ പലതിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞതായാണ് നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചിന്നക്കുട്ടുറുവന്‍, ചെങ്കണ്ണി, മഞ്ഞക്കണ്ണി, ഓലോഞ്ഞാലി, ചെമ്പോത്ത്, ആറ്റക്കുരുവി, ചെറിയമീന്‍കൊത്തി, മീന്‍കൊത്തിച്ചാത്തന്‍, പുള്ളിമീന്‍കൊത്തി, നാട്ടുവേലിത്തത്ത, നാട്ടുമരംകൊത്തി, പനങ്കാക്ക, നാടന്‍ ഇലക്കിളി, ചെമ്പുകൊട്ടി, നാട്ടുകുയില്‍, ഗരുഡന്‍, വെള്ളി എറിയന്‍, ചിന്നമുണ്ടി, പെരുമുണ്ടി, മഴക്കൊച്ച, പോതപ്പൊട്ടന്‍, നാടന്‍ താമരക്കോഴി, നാകമോഹന്‍, കരിവയറന്‍ വാനമ്പാടി തുടങ്ങി നിരവധി പക്ഷികള്‍ നാട്ടുപക്ഷികളുടെ ഗണത്തില്‍പ്പെടും. ഉപ്പൂപ്പന്‍, കതിര്‍വാലന്‍ കുരുവി, കരിംകൊക്ക്, കരിംബകം, കരിങ്കൊച്ച, കരിയിലക്കിളി, കറുപ്പന്‍ തേന്‍കിളി, കാട്ടുകോഴി, കാലന്‍കോഴികുളക്കൊക്ക്, കല്‍മണ്ണാത്തി, മീന്‍ കൂമന്‍, മോതിരത്തത്ത തുടങ്ങി നിരവധി പക്ഷികളുടെയെണ്ണം നാട്ടു പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്.
നാട്ടിന്‍പുറങ്ങളിലെ മരങ്ങളും കുളവും തോടും കാവും കൈതക്കാടും വള്ളിപ്പടര്‍പ്പുകളുമെല്ലാം നശിപ്പിക്കപ്പെട്ടതാണ് പക്ഷികളുടെ തിരോദാനത്തിനുള്ള മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മനുഷ്യവാസ പ്രദേശങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അടുത്തകാലത്ത് വലിയതോതില്‍ തന്നെയാണ് മങ്ങലേറ്റത്. പറമ്പുകളിലെ ഫലവൃക്ഷങ്ങള്‍ പാടെ അപ്രത്യക്ഷമായത് പക്ഷികളെ സാരമായിത്തന്നെ ബാധിച്ചു. ചെങ്കല്‍കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തിയതും തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടപ്പെട്ടതുമെല്ലാം നാട്ടുപക്ഷികളുടെ തിരോദാനത്തിന് ആക്കം കൂട്ടി. ഭക്ഷണ ലഭ്യതയിലുള്ള കുറവാണ് ചില പക്ഷികളുടെ ശോഷണത്തിന് കാരണമായത്. ചക്കയും, മാങ്ങയും പോലുള്ള ഫലങ്ങള്‍ ഇല്ലാതായതും കായ്ഫലമുള്ള ചെടികളും വൃക്ഷങ്ങളും അപ്രത്യക്ഷമായതും നാട്ടുപക്ഷികള്‍ക്ക് ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാക്കി. പരുത്തിയും ചിലന്തി വലയുമുപയോഗിച്ച് ഇലതുന്നി കൂടുണ്ടാക്കുന്ന തുന്നാരന്‍ പക്ഷിയെപ്പോലുള്ളവക്ക് വലിയ ഇലകളുടെയും മറ്റും അഭാവം വിനയായി.
കാവാലന്‍കിളി, മാടത്ത എന്നീ പേരുകളിലറിയപ്പെടുന്ന നാട്ടുമൈനക്കും കൂടൊരുക്കാനുള്ള സാഹചര്യം പുതിയകാലത്ത് നഷ്ടപ്പെട്ടു. ഇവ ഇരതേടുന്ന പാടങ്ങളില്‍ കീടനാശിനി പ്രയോഗം വര്‍ധിച്ചതും പക്ഷികളുടെ നിലനില്‍പ്പിന് സാരമായി ബാധിച്ചു. രാജസ്ഥാനിലെയും ഗുജറാത്തിലെയും മരുപ്രദേശങ്ങളൊഴിച്ച് ഇന്ത്യയിലെല്ലായിടത്തും കണ്ടിരുന്ന വിഷുപക്ഷി കേരളത്തില്‍ ഇപ്പോള്‍ അപൂര്‍വ കാഴ്ചയായതിനുള്ള ഒരു കാരണം വൃക്ഷങ്ങളുടെ വ്യാപകമായ നാശമാണ്. ഉപ്പൂത്തി, മുള്ളിലം, കമ്പിളി, കൈത, മട്ടി, പാറോത്ത് തുടങ്ങിയ ഇനങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതാണ് നാട്ടുപക്ഷികളുടെ അപ്രത്യക്ഷമാകലിന് മറ്റൊരു പ്രധാന കാരണം. പ്രജനനത്തിനും കൂടൊരുക്കുന്നതിനും തീറ്റയ്ക്കും നാട്ടുപക്ഷികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇത്തരം മരങ്ങളെയായിരുന്നു. പഞ്ചായത്തുകള്‍ തോടുകളും നീര്‍ച്ചാലുകളും സംരക്ഷിക്കാന്‍ പാര്‍ശ്വഭിത്തി നിര്‍മാണം നടത്തുമ്പോള്‍ കൈതകള്‍ വെട്ടിനശിപ്പിക്കുന്നതും പല പക്ഷികളുടെയും നാശത്തിന് ആക്കം കൂട്ടി. കുളക്കോഴികള്‍, കുളക്കോക്ക്, മൂങ്ങകള്‍ എന്നിവയുടെ പ്രധാന ആവാസ വ്യവസ്ഥയാണ് കൈതക്കാടുകള്‍.
മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനാല്‍ നഗര ഗ്രാമഭേദമെന്യേ കാക്കകളുടെ എണ്ണം വര്‍ധിച്ചതും നാട്ടുപക്ഷികള്‍ക്ക് വിനയായി മാറിയിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ചൂട് കൂടുമ്പോള്‍ ഉയരമുള്ള കുന്നിപ്രദേശങ്ങള്‍ തേടിയാണ് പക്ഷികള്‍ പോകുന്നത്. നാട്ടു പക്ഷികളുടെയെണ്ണം കുറഞ്ഞു തുടങ്ങിയതോടെ നാട്ടു പക്ഷി വിവര ശേഖരണത്തിന് വനം വകുപ്പിന്റെ നേതൃത്വത്തിലും മറ്റും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ “Bird Atlas” തയ്യാറാക്കാന്‍ ഇന്ത്യന്‍ ബേഡ് കണ്‍സര്‍വേഷന്‍ നെറ്റ്വര്‍ക്ക് (IBCN) ഇതിനകം തയ്യാറാടെുത്തിട്ടുണ്ട്. കേരളത്തിലെ പക്ഷികളെക്കുറിച്ചാണ് ആദ്യ അറ്റ്‌ലസ് തയ്യാറാക്കിത്തുടങ്ങിയത്. കേരളത്തില്‍ കാണപ്പെടുന്ന വിവിധതരം പക്ഷികളെക്കുറിച്ചുള്ള പരിപൂര്‍ണ്ണ വിവരങ്ങള്‍ അറ്റ്‌ലസില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ആറ് പക്ഷിനിരീക്ഷണ സ്‌കീമുകളുള്ള സംസ്ഥാനമെന്ന പ്രത്യേകത കേരളത്തിനുണ്ട്. സാധാരണ കാണപ്പെടുന്ന പക്ഷികള്‍, ഹെറണ്‍ പക്ഷികള്‍, ജലപ്പക്ഷികള്‍, കടല്‍പക്ഷികള്‍, കാട്ടുപക്ഷികള്‍ എന്നിവയെക്കുറിച്ചാണവ. ഇത് കേരളത്തെ പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട സങ്കേതമാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 24 പ്രധാനപ്പെട്ട പക്ഷി ജൈവവൈവിദ്ധ്യ മേഖലകളുണ്ട്. കൂടാതെ, 11 മേഖലകളേക്കൂടി കണ്ടെത്തിയിട്ടുമുണ്ട്.