Connect with us

International

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് ബാഗില്‍ ബോംബാണോയെന്ന് ടീച്ചര്‍

Published

|

Last Updated

അറ്റ്‌ലാന്റിയ: അമേരിക്കയില്‍ ജോര്‍ജിയയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ 13 കാരിയായ വിദ്യാര്‍ത്ഥിനിയോട് ബാഗിനുള്ളില്‍ ബോംബാണോയെന്ന ടീച്ചറുടെ ചോദ്യം വിവാദമായി. ജോര്‍ജിയയിലെ ഷിലോ മിഡില്‍ സ്‌കൂളിലാണ് സംഭവം. ടീച്ചറുടെ ചോദ്യം കേട്ട് ഭയന്ന പെണ്‍കുട്ടി പിതാവിനോട് ഇക്കാര്യം പറയുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു.

ട്രക്ക് ഡ്രൈവറായ അബ്ദിരിസാക് ആദേനാണ് പെണ്‍കുട്ടിയുടെ പിതാവ്. മകളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് വന്നരാണ്, ഞങ്ങള്‍ മുസ്‌ലിംകളാണ്, ഞങ്ങള്‍ അമേരിക്കയില്‍ ജീവിക്കുന്നു, മറ്റുള്ളവരെ വെറുക്കാന്‍ ഞാന്‍ എന്റെ മക്കളെ പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളിലേക്ക് ബാഗുമായെത്തിയ പെണ്‍കുട്ടിയെ ടീച്ചര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചോദിക്കുകയായിരുന്നു. ടീച്ചറുടെ നടപടി ശരിയായില്ലെന്നും അതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ നേരിട്ട് മാപ്പ് പറഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. യുഎസില്‍ നേരത്തെ അഹമ്മദ് മുഹമ്മദ് എന്ന 14കാരന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ലോക്ക് ബോംബാണെന്ന് കരുതി പൊലീസ് ആ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്ത സംഭവം വിവാദമായിരുന്നു.