Connect with us

Gulf

വീട്ടുജോലിയ്‌ക്കെത്തി ദുരിതത്തിലായ കന്നഡ യുവതിയെ നവയുഗം രക്ഷപെടുത്തി

Published

|

Last Updated

റിയാദ്: വീട്ടുജോലി ചെയ്തിരുന്ന വീടുകളില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങള്‍ കാരണം ദുരിതത്തിലായ കര്‍ണാടക സ്വദേശിനി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം നാട്ടിലേ്ക്ക് തിരികെ പോയി. കര്‍ണ്ണാടകയിലെ ഷിമോഗ സ്വദേശിനിയായ രേഷ്മ എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് സൗദി അറേബ്യയില്‍ വീട്ടു ജോലി്ക്കായി എത്തിയത്. കോബാറിലുള്ള ഒരു വീട്ടില്‍ ജോലി ചെയ്ത രേഷ്മ്ക്ക് വളരെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. പാവപ്പെട്ട തന്റെ കുടുംബത്തിന്റെ അവസ്ഥ കാരണം എങ്ങനെയും ജോലിയില്‍ തുടരാന്‍ രേഷ്മ ശ്രമിച്ചു. എന്നാല്‍ തുടര്‍ച്ചയായി മാസങ്ങളോളം ശമ്പളം കിട്ടാത്തതും, വിശ്രമരഹിതമായ ജോലിയും, സൗദി കുടുംബത്തിന്റെ ദേഹോപദ്രവവും കൂടെയായപ്പോള്‍ ജീവിതം നരകതുല്യമായി.

ഒരു ദിവസം വീട്ടുകാരുടെ കണ്ണു വെട്ടിച്ച് പുറത്തു കടന്ന രേഷ്മ, ഇന്ത്യന്‍ എംബസ്സിയില്‍ അഭയം പ്രാപി്ക്കാനായി ടാക്‌സിയില്‍ യാത്ര തിരിച്ചു. എന്നാല്‍ രേഷ്മയുടെ അവസ്ഥ മനസ്സിലാക്കിയ ആ ടാക്‌സി ഡ്രൈവര്‍ വേറെ ഒരു നല്ല സൗദി കുടുംബത്തില്‍ ജോലിക്ക് കൊണ്ടാക്കാം എന്ന് വാഗ്ദാനം നല്‍കി, രേഷ്മയെ കോബാറിലുള്ള മറ്റൊരു വീട്ടില്‍ ജോലിക്ക് കൊണ്ടാക്കി. എന്നാല്‍ അവിടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. തുടര്‍ച്ചയായി ശമ്പളം കിട്ടാതെ വന്നു എന്ന് മാത്രമല്ല, ആരോഗ്യം ക്ഷയിച്ചു പ്രഷറും ഷുഗറും ഒക്കെ കൂടുതലായി, പലപ്പോഴും തല കറങ്ങി വീണു. എന്നാല്‍ വേണ്ട ചികിത്സ നല്‍കാന്‍ പോലും ആ വീട്ടുകാര്‍ തയ്യാറായില്ല. രേഷ്മയുടെ ദയനീയാവസ്ഥ കണ്ട ആ വീട്ടിലെ ഇന്ത്യക്കാരനായ ഡ്രൈവര്‍, ഇന്ത്യന്‍ എംബസ്സിയെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ എംബസ്സിയിലെ അറ്റാഷെയായ ജോര്‍ജ്ജ് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളണ്ടിയറുമായ മഞ്ജു മണിക്കുട്ടനെ ഫോണില്‍ വിളിച്ച് രേഷ്മയുടെ വിവരങ്ങള്‍ പറയുകയും, ഈ കേസില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ എംബസ്സി രേഷ്മയുടെ കേസില്‍ ഇടപെടാന്‍ മഞ്ജുവിന് അധികാരപത്രവും നല്‍കി.

തുടര്‍ന്ന് മഞ്ജു, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മണിക്കുട്ടന്‍, സക്കീര്‍ ഹുസൈന്‍, അജിത് ഇബ്രാഹിം, അരുണ്‍ എന്നിവര്‍ക്കൊപ്പം കോബാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി, രേഷ്മയെ രക്ഷി്ക്കാന്‍ സഹായം ആവശ്യപ്പെട്ടു. പോലീസ് ഓഫീസര്‍ മഞ്ജുവിനോട് ആ സൗദിയുടെ വീട്ടില്‍ നേരിട്ടു പോയി, രേഷ്മയെ വിളിച്ചു പുറത്തു കൊണ്ടു വരാന്‍ പറഞ്ഞു. അതനുസരിച്ച് നവയുഗം പ്രവര്‍ത്തകര്‍ക്കൊപ്പം സൗദിയുടെ വീട്ടില്‍ ചെന്ന മഞ്ജു മണിക്കുട്ടന്‍, അവശയായ രേഷ്മയെ കൂട്ടിക്കൊണ്ടു പുറത്തു വരികയും, പോലീസ് സഹായത്തോടെ അവരെ വനിതാ തര്‍ഹീലില്‍ എത്തി്ക്കുകയും ചെയ്തു.

സ്‌പോന്‍സര്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന്, മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് ഔട്ട്പാസ് വാങ്ങി നല്‍കി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു പ്രവാസി, രേഷ്മ്ക്കുള്ള വിമാനടിക്കറ്റ് സ്‌പോന്‍സര്‍ ചെയ്തു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ശേഷം തന്നെ സഹായിച്ച നവയുഗത്തിനും, ഇന്ത്യന്‍ എംബസ്സിയ്ക്കും നന്ദിയും പറഞ്ഞ് രേഷ്മ നാട്ടിലേയ്ക്ക് പോയി.

Latest