Connect with us

Organisation

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ മുന്നില്‍

Published

|

Last Updated

കോഴിക്കോട്: “ധര്‍മ പതാകയേന്തുക” എന്ന സന്ദേശത്തില്‍ എസ് വൈ എസ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മുന്‍ വര്‍ഷത്തെക്കാള്‍ യഥാക്രമം 73, 61, 59 ശതമാനം അധികം അംഗങ്ങളെ അണിചേര്‍ത്ത് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ മികവ് നേടി. 47 ശതമാനം വീതം അംഗത്വ വര്‍ദ്ധനയോടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ തൊട്ടുപിന്നിലെത്തി. സംസ്ഥാന ശരാശരിമറികടന്ന ഈ ജില്ലകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുവാന്‍ പട്ടാമ്പിയില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
2004-ലെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിനുശേഷം 60-ാം വാര്‍ഷികം വരെയുള്ള പത്ത് വര്‍ഷ കാലയളവില്‍ എസ് വൈ എസിന് മൂന്നിരട്ടിയിലേറെ അംഗ്വത്വ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ അംഗ്വത്ത വര്‍ധനയുണ്ടായ ഗോള്‍ഡന്‍ ജൂബിലി അനന്തര കാമ്പയിനെ അപേക്ഷിച്ച് 56 ശതമാനം വര്‍ധനവായാണ് 60-ാം വാര്‍ഷികാനന്തരം നടത്തിയ ഈ ക്യാമ്പയിനില്‍ രേഖപ്പെടുത്തിയത്. എസ് വൈ എസിന്റെയും പ്രസ്ഥാനത്തിന്റെയും വര്‍ധിത ജനപങ്കാളിത്തവും ജനകീയ പിന്തുണയുമാണിത് സൂചിപ്പിക്കുന്നത്. ഈ സമൂഹ സ്വീകാര്യത തന്നെയാണ് ആറ് പതിറ്റാണ്ടിലേറെക്കാലം പ്രസ്ഥാനത്തിന്റെ ബഹുജനഘടകമായി വര്‍ത്തിച്ച എസ് വൈ എസ്സിനെ യുവജനങ്ങള്‍ക്കിടയിലെ ധാര്‍മിക ചാലക ശക്തിയാക്കി കേരള മുസ്‌ലിം ജമാഅത്ത് എന്ന പുതിയ ബഹുജന സംഘടന രൂപവത്കരിക്കുവാന്‍ പ്രേചാദനമേകിയത്.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വന്‍വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും സംസ്ഥാന കമ്മിറ്റി യോഗം അഭിനന്ദിച്ചു. മീലാദ് ക്യാമ്പയിന്‍ വന്‍ വിജയമാക്കുവാനും എസ് വൈ എസ് 60-ാം വാര്‍ഷികവും മുസ്‌ലിം ജമാഅത്ത് പിറവിയും പകര്‍ന്ന വര്‍ധിത വീര്യം കൈമുതലാക്കി “സുന്നിവോയ്‌സ്” പ്രചാരണം പൂര്‍വ്വോപരി സജീവമാക്കി സമ്പൂര്‍ണമാക്കുവാനും യോഗം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍ ചര്‍ച്ച നിയന്ത്രിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും ഡോ മുഹമ്മദ് കുഞ്ഞി സഖാഫി നന്ദിയും പറഞ്ഞു.

Latest