Connect with us

Editorial

വെള്ളാപ്പള്ളി അവഹേളിച്ചത്

Published

|

Last Updated

വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുക എന്നൊരു ചൊല്ലുണ്ട്. അക്ഷരാര്‍ഥത്തില്‍ അതാണ് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ചെയ്തത്. ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് വെള്ളാപ്പള്ളിയാണ്. മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് സമ്മതിക്കുകയും അതനുസരിച്ചു നോട്ടീസില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. പരിപാടിയുടെ രണ്ട് ദിവസം മുമ്പ് ചടങ്ങില്‍ പങ്കെടുക്കരുതെന്നു വെളളാപ്പളളി തന്നെയാണ് ഫോണില്‍ മുഖ്യമന്ത്രിയെ വിളിച്ചറിയിക്കുന്നത്. നേരത്തെയുള്ള തീരുമാന പ്രകാരം തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പേര് കൊത്തിയ ശിലാഫലകം മാറ്റി പേരില്ലാത്ത പുതിയത് തയ്യാറാക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വെള്ളാപ്പള്ളി പറഞ്ഞ കാരണം. അതാരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.
കൊല്ലം ശ്രീനാരായണ കോളജിന് മുമ്പില്‍ സ്ഥാപിച്ച ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. വെള്ളാപ്പള്ളിയുടെ അഭ്യര്‍ഥന പ്രകാരം ഇതു സംബന്ധിച്ചു മുഖ്യമന്ത്രി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്ര മോദി ചടങ്ങില്‍ സംബന്ധിക്കാന്‍ സമ്മതിച്ചത്. മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തോടെ ഇക്കാര്യം നിഷേധിക്കുന്ന സംഘാടകര്‍ എസ് എന്‍ ട്രസ്റ്റിന്റെയും എസ് എന്‍ ഡി പിയുടെയും അഭ്യര്‍ഥ മാനിച്ചാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നതെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയും ബി ജെ പി കേന്ദ്ര നേതൃത്വവുമാണ് മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടതെന്നാണ് വിവരം. പ്രധാനമന്ത്രി ആദ്യമായി കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ അത് പൂര്‍ണമായും ഒരു “മോദി ഷോ” ആക്കി മാറ്റണമെന്നാണ് അവരുടെ താത്പര്യം. മുഖ്യമന്ത്രിയെ തഴഞ്ഞതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളും ബി ജെ പിക്കാരല്ലാത്ത രാഷ്ട്രീയ നേതാക്കളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ അവരുടെ ആഗ്രഹം നടപ്പിലാകുകയും ചെയ്തു.
മുഖ്യമന്ത്രിയോട് മാത്രമല്ല, ശ്രീനാരായണ ഗുരുവിനോടും ആര്‍ ശങ്കറിനോടുമുള്ള അവഹേളനം കൂടിയാണ് ഈ നടപടി. പ്രശ്‌നം വിവാദമായപ്പോള്‍, പ്രതിമാ അനാച്ഛാദനം സ്വകാര്യ പരിപാടിയാണെന്നും സ്വകാര്യ ചടങ്ങുകളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ആവശ്യമില്ലെന്നും പറയുന്ന വെള്ളാപ്പള്ളി, എങ്കില്‍ പിന്നെ ആദ്യത്തില്‍ എന്തിനായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രിയെ മാറ്റനിര്‍ത്തുന്നത് ജനാധിപത്യത്തന് നിരക്കാത്ത നടപടിയാണ്. ക്ഷണിച്ചു നോട്ടീസിലും ഫലകത്തിലുമെല്ലാം പേര് ചേര്‍ത്ത ശേഷമുള്ള തഴയല്‍ കടുത്ത അവഹേളനവും. രാഷ്ട്രീയ, സാമൂഹിക മര്യാദകളെ അല്‍പ്പമെങ്കിലും മാനിക്കുന്നവര്‍ക്ക് ചേര്‍ന്നതായില്ല ഇത്. ജാതീയതക്കെതിരെ വിശിഷ്യാ ഹിന്ദു മതത്തിലെ സവര്‍ണാധിപത്യത്തിനെതിരെ ശക്തമായി പോരാടിയ നേതാവാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ പേരില്‍ ഉടലെടുത്ത പ്രസ്ഥാനത്തിന്റെ നടത്തിപ്പുകാരാണിപ്പോള്‍, സവര്‍ണാധിപത്യം ലക്ഷ്യമാക്കി രുപം കൊണ്ട ആര്‍ എസ് എസിന്റെയും അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പിയുടെയും താളത്തിനൊത്തു തുള്ളുന്നതും സംസ്ഥാന ഭരണത്തിന്റെ അമരത്തിരിക്കുന്ന മുഖ്യമന്ത്രിയെ ഈ വിധം അപമാനിക്കുന്നതും. ഇത് കേരളീയരെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണ്. ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാസിസത്തോട് ആഭിമുഖ്യമുള്ളയാളായിരുന്നില്ല ആര്‍ ശങ്കര്‍. കെ പി സി സി അധ്യക്ഷ പദവിയും കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ലഭ്യമായ മുഖ്യമന്ത്രി പദവിയുമണ് അദ്ദേഹത്തെ കേരള രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. അത്തരമൊരു വ്യക്തിയെയാണിപ്പോള്‍ സംഘ്പരിവാര്‍ അടര്‍ത്തിയടുത്ത് തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.
ബി ജെ പിയുടെ മുന്നേറ്റവും മോദിക്ക് കൂടുതല്‍ അംഗീകാരവും ലക്ഷ്യമാക്കി നടത്തിയ ഈ നീക്കം അവസാനം അവര്‍ക്ക് ദോഷകരവും മുഖ്യമന്ത്രിക്കും യു ഡി എഫിനും ഗുണകരവുമായി ഭവിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിവരം ഫോണ്‍ മുഖേന വെള്ളാപ്പള്ളി അദ്ദേഹത്തെ നേരിട്ടു ധരിപ്പിക്കുകയാണുണ്ടായത്. മാനക്കേട് ഭയന്ന് മുഖ്യമന്ത്രി വിവരം രഹസ്യമാക്കി വെക്കുമെന്നും ചടങ്ങ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പരിപാടി ബഹിഷ്‌കരിച്ചെന്ന് പ്രചരിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെയും ബി ജെ പിയുടെയും കണക്ക് കൂട്ടല്‍. രാഷ്ട്രീയ കൗശലത്തില്‍ മറ്റാരേക്കാളും മികച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യം പരസ്യപ്പെടുത്തിയതോടെ അവരുടെ കണക്ക് കൂട്ടല്‍ പിഴച്ചു. കക്ഷിവ്യത്യാസം വിസ്മരിച്ചു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ അവഹേളനത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നു. സോളാര്‍ പ്രശ്‌നം സൃഷ്ടിച്ച വിവാദത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് തത്കാലത്തേക്കെങ്കിലും അതില്‍ നിന്ന് തലയൂരാന്‍ ഇത് സഹായകവുമായി. ഇതിനപ്പുറം വെള്ളാപ്പള്ളിയുടെയും അദ്ദഹത്തിന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പോക്ക് സംഘ്പരിവാര്‍ പാളയത്തിലേക്കാണെന്ന കാര്യം കേരളീയര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാനും ഇത് അവസരമേകി.

Latest