Connect with us

Kozhikode

മേയറുടെ 13 വികസന പദ്ധതികള്‍ നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു

Published

|

Last Updated

കോഴിക്കോട്: നഗര പുരോഗതി ലക്ഷ്യംവെച്ച് മേയര്‍ വി കെ സി മമ്മദ്‌കോയ പ്രഖ്യാപിച്ച 13 വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കോര്‍പറേഷന്റെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം. പ്രതിപക്ഷ നിരയിലെ യു ഡി എഫ്, ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി അംഗീകരിച്ചത്.
ശുചിത്വമാര്‍ന്ന കോഴിക്കോട് നഗരം, തെരുവ്‌വിളക്ക് കാര്യക്ഷമമാക്കല്‍, മെച്ചപ്പെട്ട ഓഫീസ് സംവിധാനം, തെരുവ്‌നായ ശല്യം പരിഹരിക്കുന്നതിന് ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പിലാക്കുക, വാഹന പാര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, പൊതുശ്മശാനങ്ങള്‍ ആധുനിക സൗകര്യത്തോടെ നവീകരിക്കുക, റോഡുകളുടെ അറ്റകുറ്റപ്പണി പെട്ടെന്ന് പൂര്‍ത്തീകരിക്കുക, നഗരവികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതിനായി സിറ്റി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപവത്കരണം, പൊതുടോയ്‌ലറ്റുകള്‍ നവീകരിക്കുക, പുതിയ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട് നിര്‍മാണത്തിന് അനുമതി ലഭിക്കാത്തവരെ സഹായിക്കാന്‍ അദാലത്ത്, ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, പാലിയേറ്റീവ് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം.
കൗണ്‍സിലില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മേയര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പദ്ധതികള്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ പി കിഷന്‍ചന്ദ് യോഗത്തില്‍ പറഞ്ഞു. മേയര്‍ നഗരസഭയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കും. തെരുവ് വിളക്കുകള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് അറിയിച്ച മേയര്‍ കെ എസ് ഇ ബിക്ക് കുടിശ്ശികയുള്ള പത്ത് ലക്ഷം രൂപ പോലും കൊടുക്കാനുള്ള നടപടിയുണ്ടാക്കിയിട്ടില്ലെന്നും കിഷന്‍ചന്ദ് പറഞ്ഞു.
എന്നാല്‍ മേയര്‍ പദ്ധതികള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന കിഷന്‍ചന്ദിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കോണ്‍ഗ്രസിന്റെ കൗ ണ്‍സില്‍ നേതാക്കളായ അഡ്വ. പി എം നിയാസും അഡ്വ. സുരേഷ് ബാബുവും തയ്യാറായില്ല. മേയര്‍ക്ക് ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്താന്‍ അവകാശമുണ്ടെന്ന് ഇരുവരും പറഞ്ഞു. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും ഇത് മനസ്സിലാക്കി പ്രശ്‌നപരിഹാരത്തിന് മേയര്‍ ശ്രമിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ഇതിനായി ഒരു നിശ്ചിത സമയം പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാറിന്റെ നഗരവികസന പദ്ധതിയായ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 786 ലക്ഷം രൂപയുടെ വികസന പദ്ധതിക്കുള്ള പ്രപ്പോസല്‍ സമര്‍പ്പിച്ചുണ്ടെന്നും ഇതിലൂടെ മേയര്‍ പറഞ്ഞ പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്നും കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.
ഞെളിയന്‍പറമ്പില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സിവില്‍ ജോലികള്‍ക്ക് കരാര്‍ ഏറ്റെടുത്ത വകയില്‍ കരാറുകാരന് നല്‍കേണ്ട തുകയില്‍ കുടിശ്ശിക വരുത്തിയതിനാല്‍ നഗരസഭക്ക് കോടികളുടെ നഷ്ടമുണ്ടായതായി ഭരണപക്ഷ അംഗമായ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കരാര്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത് വഴിയില്‍ 2,39,54,529 രൂപയായിരുന്നു കരാറുകാരന് കൊടുക്കേണ്ടിയിരുന്നത്. ഇതില്‍ കുടിശ്ശിക വരുത്തിയതോടെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു. പരസ്പര ധാരണയിലൂടെ പരിഹാരം കണ്ടെത്താനായിരുന്നു കോടതി നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറി കരാറുകാരനായ സുരേഷ് ബാബുവുമായി നടത്തിയ ചര്‍ച്ചയിലൂടെ 4,92,00,000 രൂപ നല്‍കാമെന്ന് ധാരണയിലെത്തി. ഇത് കോടതിയെയും അറിയിച്ചു. എങ്കിലും 25,245,471 രൂപയോളം നഗരസഭക്ക് വെറുതെ നഷ്ടമായി. തുക വര്‍ഷത്തില്‍ 12 തുല്യ ഗഡുക്കളായി നല്‍കാനും എന്തെങ്കിലും കാരണവശാല്‍ മുടങ്ങിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടി മൂലമാണ് നഗരസഭക്ക് ഇത്രമാത്രം നഷ്ടമുണ്ടാക്കിയത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി പരിഗണിക്കാമെന്ന് മേയര്‍ വി കെ സി മമ്മദ്‌കോയ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സി അബ്ദുര്‍റഹ്മാന്‍, കെ ടി ബീരാന്‍കോയ, കെ വി ബാബുരാജ്, എം സി അനില്‍കുമാര്‍, നമ്പിടി നാരായണന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാ ബാലകൃഷ്ണന്‍, കെ സി ശോഭിത, എം ടി സുധാമണി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest