Connect with us

Ongoing News

ഡെല്‍ഹിയെ തകര്‍ത്ത് ഗോവ ഫൈനലില്‍

Published

|

Last Updated

ഫറ്റോര്‍ഡ: ഡല്‍ഹിയില്‍ ഡല്‍ഹി ഒന്നടിച്ചപ്പോള്‍ ഗോവയില്‍ ഗോവ മൂന്നടിച്ചു ! ഐ എസ് എല്ലിന്റെ രണ്ടാം എഡിഷനില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി സീക്കോയുടെ എഫ് സി ഗോവ മാറി. ഇരുപാദത്തിലുമായി 3-1നാണ് ഗോവ മുന്നിലെത്തിയത്. ജോഫ്രെ(11), റാഫേല്‍ കൊയ്‌ലോ(27), ഡുഡു(84) എന്നിവരാണ് ഡല്‍ഹിയുടെ വല നിറച്ചത്.
ആദ്യപകുതിയില്‍ 2-0ന് ഗോവ മുന്നിട്ട് നിന്നു. ഡല്‍ഹി പ്രതിരോധ നിരക്ക് നിരന്തരം തലവേദനയാവുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഡുഡുവാണ് മത്സരത്തിലെ ഹീറോ.
എഫ് സി ഗോവ 3-5-2 ഫോര്‍മേഷനിലാണ് ഒരു ഗോള്‍ കടം തീര്‍ക്കാന്‍ കളത്തിലിറങ്ങിയത്. ഡല്‍ഹിയാകട്ടെ, പ്രതിരോധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി 4-4-1-1 ഫോര്‍മേഷന്‍ സ്വീകരിച്ചു. ഗോള്‍രഹിത സമനില തന്നെ റോബര്‍ട്ടോ കാര്‍ലോസിനും കൂട്ടര്‍ക്കും ധാരാളമായിരുന്നു.
കട്ടിമണിയാണ് ഗോവയുടെ വല കാത്തത്. ഇതോടെ, ആറ് വിദേശ കളിക്കാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ആക്രമണം ശക്തിപ്പെടുത്താന്‍ സീക്കോക്ക് സാധിച്ചു. ഈ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് ആദ്യ മിനുട്ടുകളില്‍ കണ്ടത്.
ഗ്രിഗറി, ലൂസിയോ, ഹാല്‍ഡര്‍ എന്നിവര്‍ പ്രതിരോധത്തിലെ ശക്തിദുര്‍ഗമായി നിലകൊണ്ടു. ഇവര്‍ക്കൊന്ന് പിഴച്ചാല്‍ ഗോവയുടെ കഥ കഴിയുമായിരുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ ബ്രസീലിന്റെ പ്രതിരോധനിരയുടെ പടത്തലവനായിരുന്ന ലൂസിയോ ക്ലിയറിംഗില്‍ മികച്ചു നിന്നു. ഓഫ് സൈഡ് കെണിയൊരുക്കിയും മുന്‍നിരക്കാര്‍ക്ക് പാസിംഗ് നടത്താനുള്ള സ്ഥലം അനുവദിക്കാതെയും മൂവരും മികച്ച രീതിയില്‍ ഡിഫെന്‍ഡ് ചെയ്തു. ജോഫ്രെ, ബിക്രംജിത്, മൗറ, ദേശായ്, റോമിയോ ഫെര്‍നാണ്ടസ് എന്നിവര്‍ അറ്റാക്കിംഗ് നയിച്ചു. ഡുഡുവും കോയ്‌ലോയും ഷാര്‍പ് ഷൂട്ടര്‍മാരെ പോലെ ഭീതിവിതച്ചു കൊണ്ടിരുന്നു.
ഡല്‍ഹിയുടെ വലകാത്തത് പരിചയ സമ്പന്നനായ ഡൊബ്ലാസായിരുന്നു. റോബര്‍ഡ്, റീസെ, അനസ്, സെഹ്നാജ് എന്നിവര്‍ പിന്‍നിരയില്‍. മാമ,ചികാവോ, മലൂദ, സാന്റോസ് എന്നിവര്‍ മധ്യനിരയില്‍. റോബിന്‍സിംഗ് മുഖ്യ സ്‌ട്രൈക്കറും സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറായി നബിയും. ഇതായിരുന്നു കാര്‍ലോസിന്റെ ഗെയിം പ്ലാന്‍.
ആദ്യ പത്ത് മിനുട്ടില്‍ തുടരെ ആക്രമണം നടത്തി ഗോവ ഉദ്ദേശ്യം വ്യക്തമാക്കി. റോമിയോ ഫെര്‍നാണ്ടസിന്റെ വലത് വിംഗ് ക്രോസില്‍ നിന്നാണ് ഗോവ അറ്റാക്കിംഗ് ആരംഭിച്ചത്. പത്ത് മിനുട്ട് പിന്നിട്ട ഉടനെ റോമിയോയുടെ ക്രോസ്‌ബോള്‍ പിടിച്ചെടുത്ത് ജോഫ്രെ ഡല്‍ഹിയുടെ വിശ്വസ്തനായ റീസെയെ ഡ്രിബിള്‍ ചെയ്ത് പന്ത് വലക്കുള്ളിലാക്കി. ഇരുപത്താറാം മിനുട്ടില്‍ ഡല്‍ഹിക്ക് ലീഡെടുക്കാനുള്ള അവസരം. സെഹ്നാജിന്റെ ലോംഗ് റേഞ്ചറില്‍ ആദില്‍ നബിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് പാഴായി. തൊട്ടടുത്ത മിനുട്ടില്‍ ലോംഗ് ബോള്‍ പിടിച്ചെടുത്ത് കോയ്‌ലോ നടത്തിയ മുന്നേറ്റത്തില്‍ ഡല്‍ഹി പ്രതിരോധം തകിടം മറിഞ്ഞു. വലങ്കാലനടിയിലൂടെ കോയ്‌ലോ ഞെട്ടിപ്പിച്ചു, ഗോള്‍ 2-0.
രണ്ടാം പകുതിയില്‍ തുടര്‍ ആക്രമണത്തിനിടെ ഡുഡുവിന് സുവര്‍ണാവസരം പാഴായതിന്റെ തൊട്ട മിനുട്ടില്‍ തന്നെ ഗോവ മൂന്നാം ഗോളടിച്ചു. മറ്റാരുമല്ല ഡുഡു തന്നെയാണ് സ്‌കോറര്‍.
അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത് കൊല്‍ക്കത്ത
കൊല്‍ക്കത്ത: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് മുന്നില്‍ ബാലികേറാമലയാണ് ! ചെന്നൈയിന്‍ എഫ് സിക്കെതിരായ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ 3-0നാണ് തോറ്റത്. എന്തെങ്കിലുമൊരു സാധ്യത തെളിയണമെങ്കില്‍ ഇതേ മാര്‍ജിനില്‍ ഹോംഗ്രൗണ്ടില്‍ ജയിക്കണം. അങ്ങനെ വന്നാല്‍, മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കാം.
എന്നാല്‍, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് പറഞ്ഞത് പോലെ അത്ഭുതങ്ങള്‍ സംഭവിക്കണം. അദ്ദേഹം ഒന്ന് കൂടി പറയുന്നു. അത്ഭുതങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന്. കോച്ച് അന്റോണിയോ ഹബാസിന്റെ ആത്മവിശ്വാസം ചെന്നൈയിന്‍ എഫ് സി ഗൗരവത്തോടെ തന്നെയാകും കാണുക. നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോക്ക് തിരിച്ചടികളില്‍ നിന്ന് ഉണരാനുള്ള മിടുക്കുണ്ട്. പ്രത്യേകിച്ച് രണ്ടാം പാദം നടക്കുന്ന കൊല്‍ക്കത്തയില്‍ അവരുടെ ആള്‍ക്കാര്‍ക്ക് മുന്നിലാകുമ്പോള്‍.
അതെ, ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു വഴിയേയുള്ളൂ, ആക്രമണം, ആക്രമണം, ആക്രമണം. പന്തെവിടെ വെച്ച് നഷ്ടമാകുന്നുവോ അവിടെ വെച്ച് തന്നെ പ്രതിരോധവും ആരംഭിക്കണം – ഹബാസ് പറയുന്നു.
ഒഫെന്‍സെ നാറ്റോ, ബോര്‍ജ ഫെര്‍നാണ്ടസ് എന്നീ പ്രമുഖ താരങ്ങളെ നഷ്ടമായത് ഹബാസ് കണക്കിലെടുക്കുന്നില്ല. അതൊന്നും ഒഴിവുകഴിവല്ല. ഇരുപത്താറ് താരങ്ങളാണ് ടീമിലുള്ളത്, അതുകൊണ്ട് ടീം പ്രതിസന്ധിമുഖത്തല്ല – ഹബാസ് പറഞ്ഞു.
ആരാധകരുടെ പിന്തുണ ഏറെ പ്രധാനപ്പെട്ടതാണ്. ആദ്യമിനുട്ട് മുതല്‍ എക്‌സ്ട്രാ ടൈം വരെ നിലയ്ക്കാത്ത പിന്തുണ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകണം.
പൂനെയില്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും പ്രധാനമാണ്. കളിക്കാര്‍ ബോധവാന്‍മാരാണ്. ഇതാണ് അവസാന അവസരം എന്നവര്‍ക്ക് അറിയാം – ഹബാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മാര്‍ക്വു താരം ഹെല്‍ഡര്‍ പോസ്റ്റിഗ ഇന്നും കളിക്കാനിറങ്ങില്ല. അഞ്ച് മാസം വിശ്രമിക്കേണ്ട പരുക്ക് പോര്‍ച്ചുഗല്‍ താരത്തിനുണ്ടെന്നാണ് ഹബാസിന്റെ വിലയിരുത്തല്‍.
മാര്‍കോ മെറ്റരാസി പരിശീലിപ്പിക്കുന്ന ചെന്നൈയിന്‍ എഫ് സി തകര്‍പ്പന്‍ ഫോമിലാണ്. പ്രളയം കാരണം ചെന്നൈയില്‍ നിന്ന് ഹോം മാച്ച് പൂനെയിലേക്ക് മാറ്റിയതൊന്നും അവരുടെ പ്രകടനത്തെ ബാധിച്ചില്ല.
ബ്രൂണോ പെലിസാരിയും ജെജെയം മെന്‍ഡോസയുമൊക്കെ തകര്‍ത്താടിയപ്പോള്‍ അത്‌ലറ്റിക്കോ വല നിറഞ്ഞു. ഇനിയും മാരകമായ പ്രഹരമേല്‍പ്പിക്കാന്‍ തന്റെ ടീമിന് സാധിക്കുമെന്നാണ് മെറ്റരാസി പറയുന്നത്.