Connect with us

Editorial

കെജിരിവാളിനോട് പക വീട്ടുന്നോ?

Published

|

Last Updated

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ സി ബി ഐ നടത്തിയ റെയ്ഡ് വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെയ്ഡ് നടന്നതെന്നും ഇത് സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്രം നടത്തി വരുന്ന പകപോക്കലിന്റെ ഭാഗമാണെന്നും ഡല്‍ഹി ഭരണകൂടം ആരോപിക്കുമ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നില്ല റെയ്‌ഡെന്നാണ് സി ബി ഐ പറയുന്നത്. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദര്‍ കുമാറിന്റെ ഓഫീസിലായിരുന്നത്രെ പരിശോധന. 2007-14 കാലയളവില്‍ ദല്‍ഹി സര്‍ക്കാറിന് കീഴില്‍ വിദ്യാഭ്യാസം, ആരോഗ്യം, ഐ ടി വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന കാലത്ത് രജീന്ദര്‍ കുമാര്‍ അഴിമതി നടത്തിയതായി അഴിമതിവിരുദ്ധ സെല്ലിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്‌ഡെന്നും സി ബി ഐ വിശദീകരിക്കുന്നു.
റെയ്ഡില്‍ കേന്ദ്ര സര്‍ക്കാറിന് പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിമന്ത്രി രാജ്‌നാഥ് സിംഗ് ആണയിടുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണ് സി ബി ഐ. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടാറില്ലെന്നും സിംഗ് പറയുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ വിശ്വസ്തനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദര്‍ കുമാര്‍ എന്നതും അദ്ദേഹത്തിനെതിരെ അഴിമതിവിരുദ്ധ സെല്ലില്‍ പരാതി നല്‍കിയത് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ മുന്‍ സെക്രട്ടറി ആശിഷ് ജോഷിയാണെന്നതും പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഒളിച്ചുകളി സംശയിക്കാവുന്നതാണ്. സ്വതന്ത്ര ഏജന്‍സിയാണ് സി ബി ഐ എന്നതൊക്കെ വെറും ഭംഗിവാക്കുകളാണെന്ന് ആ ഏജനന്‍സി നിരവധി തവണ തെളിയിച്ചതാണ്. കൂട്ടിലടച്ച തത്ത എന്നാണല്ലോ സുപ്രീം കോടതി തന്നെ സി ബി ഐയെ വിശേഷിപ്പിച്ചത്. രജീന്ദര്‍ കുമാറിന്റെയും കെജ്‌രിവാളിന്റെയും ഓഫീസുകള്‍ ഡല്‍ഹി സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ അടുത്തടുത്തായാണ്. ഈ നില മൊത്തമായി പൂട്ടി സീല്‍ ചെയ്ത ശേഷമായിരുന്നു സി ബി ഐയുടെ തിരച്ചില്‍. ഇതേതുടര്‍ന്ന് കെജ്‌രിവാളിനും ഉദ്യോഗസ്ഥര്‍ക്കും ഓഫീസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതുമില്ല.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തലിരിക്കെ ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നിലംപരിശാക്കി എ എ പി നേടിയ തകര്‍പ്പന്‍ വിജയം കേന്ദ്രത്തെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഡല്‍ഹി ലഫ്. ഗവര്‍ണറെ ഉപയോഗിച്ച് കെജ്‌രിവാള്‍ സര്‍ക്കാറിനെ നിരന്തരം ശല്യം ചെയ്താണ് കേന്ദ്രം ഇതിന് പ്രതികാരം ചെയ്തുവന്നത്. കെജ്‌രിവാളിന് സമ്മതരല്ലാത്ത ഉദ്യോഗസ്ഥരെയാണ് പ്രധാന തസ്തികളില്‍ ലഫ്.ഗവര്‍ണര്‍ അവിടെ നിയമിച്ചു കൊണ്ടിരുന്നത്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാറിനാണ് അധികാരമെന്നുകാട്ടി ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി ഗവര്‍ണറുടെ നടപടിയെ കേന്ദ്രം ന്യായീകരിക്കുകയും ചെയ്തു. കെജ്‌രിവാള്‍ സര്‍ക്കാര്‍ നടത്തുന്ന ഉദ്യോഗസ്ഥ നിയമനങ്ങളെ കേന്ദ്രം അംഗീകരിച്ചതുമില്ല. ഈ അധികാരത്തര്‍ക്കം സംസ്ഥാന ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍, ലെഫ്. ഗവര്‍ണറുമായുള്ള ഡല്‍ഹി സര്‍ക്കറിന്റെ ഭിന്നത പരിഹരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടെങ്കിലും അനുഭാവ പൂര്‍വമായ സമീപനമല്ല കേന്ദ്രത്തില്‍ നിന്നുണ്ടായത്.
കേന്ദ്രഭരണ പ്രദേശമായിരുന്ന ഡല്‍ഹിക്ക് 1991ല്‍ സംസ്ഥാന പദവി നല്‍കിയപ്പോള്‍, ദേശീയ ആസ്ഥാനമെന്ന നിലയില്‍ അര്‍ധ സംസ്ഥാന പദവി മാത്രമാണ് അനുവദിച്ചത്. ഇതനുസരിച്ചു ഉദ്യോഗസ്ഥ നിയമനമടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ പഴുത് വെച്ചാണ് കേന്ദ്രം കെജ്‌രിവാള്‍ സര്‍ക്കാറിനെ “പൂട്ടുന്ന”തും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതും. ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് കേരള ഹൗസില്‍ ഡെല്‍ഹി പോലീസ് നടത്തിയ റെയ്ഡും ഈ ഗണത്തില്‍ പെട്ടതുതന്നെ. കേരള ഹൗസ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതാണ്. ഇവിടെ പരിശോധന നടത്തണമെങ്കില്‍ അതിന്റെ ചുമതലക്കാരനായ റെസിഡന്റ് കമ്മീഷണറുടെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ചോദിക്കാതെയാണ് ചില ആര്‍ എസ് എസുകാരുടെ പരാതിയില്‍ രണ്ട് മാസം മുമ്പ് ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡും ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന റെയ്ഡും ഫെഡറല്‍ വ്യവസ്ഥകളുടെ കടുത്ത ലംഘനവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റവുമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഫെഡറല്‍ വ്യവസ്ഥയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നതായി യു പി എ സര്‍ക്കാറിന്റെ കാലത്ത് ബി ജെ പി നേതാക്കള്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇത് ഫെഡറല്‍ സംവിധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2011 ജൂണ്‍ ആദ്യത്തില്‍ ലഖ്‌നൗവില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കുകയുമുണ്ടായി. ഫെഡറല്‍ വ്യവസ്ഥക്ക് എക്കാലത്തെയും വലിയ ഭീഷണ് മോദി സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങളും.