Connect with us

International

അസദ് സ്ഥാനമൊഴിയുമെന്ന ഉറപ്പ് തരാതെ വെടിനിര്‍ത്തല്‍ കരാറില്ലെന്ന് പ്രതിപക്ഷം

Published

|

Last Updated

ബശറുല്‍അസദ്‌

സന്‍ആ: പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബശറുല്‍അസദ് താഴെയിറങ്ങുമെന്ന് ഉറപ്പ് നല്‍കാത്ത കാലത്തോളം വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് സിറിയന്‍ പ്രതിപക്ഷം. സിറിയയില്‍ സമാധാനം കൊണ്ടുവരാന്‍ ലക്ഷ്യം വെച്ച് അമേരിക്കയും റഷ്യയും നാളെ ന്യൂയോര്‍ക്കില്‍ രണ്ടാം ഘട്ട ചര്‍ച്ചക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയത്. റഷ്യക്കും അമേരിക്കക്കും തീവ്രവാദത്തിനെതിരെ പോരാടല്‍ അനിവാര്യമാണെങ്കില്‍ എന്തുകൊണ്ട് പ്രധാനപ്പെട്ട വിഷയത്തിലേക്ക് അവര്‍ വരുന്നില്ല. സിറിയയിലെ സാധാരണക്കാരായ ആളുകള്‍ക്ക് നേരെ സര്‍ക്കാര്‍ സൈന്യം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്- പ്രതിപക്ഷ പാര്‍ട്ടിയായ എസ് എന്‍ സിയുടെ വൈസ് പ്രസിഡന്റ് നഅം അല്‍ ഖാദിരി പറഞ്ഞു. രാജ്യത്തിന് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്. സിറിയയുടെ നേതാവിന്റെ കാലാവധിയെ കുറിച്ച് പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതിന് വേണ്ടി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായി നാളെ ന്യൂയോര്‍ക്കില്‍ ചര്‍ച്ച തുടരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പ്രതിപക്ഷം വിമര്‍ശവുമായി രംഗത്തെത്തിയത്.
അതിനിടെ, ന്യൂയോര്‍ക്കില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന പരാതിയുമായി എസ് എന്‍ സി രംഗത്തെത്തി.
കഴിഞ്ഞ ആഴ്ചയില്‍ സിറിയയിലെ പ്രതിപക്ഷങ്ങളെ ഒന്നിപ്പിക്കാന്‍ ലക്ഷ്യമാക്കി സഊദി തലസ്ഥാനമായ റിയാദില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലേക്ക് പ്രധാന കുര്‍ദ് പാര്‍ട്ടിയെ ക്ഷണിച്ചിരുന്നില്ല. ഈ കൂടിക്കാഴ്ചയില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും അസദ് സ്ഥാനമൊഴിയണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.

Latest