Connect with us

International

അയ്‌ലാന്‍ കുര്‍ദിയെ ഓര്‍മിപ്പിച്ച് രണ്ട് ഇറാഖ് അഭയാര്‍ഥി കുഞ്ഞുങ്ങളുടെ മൃതദേഹം സമുദ്രത്തില്‍ കണ്ടെത്തി

Published

|

Last Updated

ഇസ്താംബൂള്‍: അയ്‌ലാന്‍ കുര്‍ദിയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ലോകം മോചിതമാകും മുമ്പ് ആറും രണ്ടും വയസ്സുള്ള രണ്ട് ഇറാഖ് പിഞ്ചുകുട്ടികളെ ഏജിയന്‍ സമുദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ ഗ്രീക്കിലേക്കുള്ള സമുദ്ര സഞ്ചാരത്തിനിടെയാകാം ഇവര്‍ മരിച്ചതെന്ന് ദോഗന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കടലില്‍ പൊങ്ങിക്കിടക്കുന്ന രണ്ട് കുട്ടികളുടെ മൃതദേഹം മത്സ്യബന്ധനത്തിന് പോയവരാണ് കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം ഇവര്‍ തീരസംരക്ഷണ സേനക്ക് കൈമാറുകയായിരുന്നു. ഇവരോടൊപ്പം ബോട്ടില്‍ സഞ്ചരിച്ചിരുന്ന മറ്റുള്ള യാത്രക്കാരെല്ലാം രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് തുര്‍ക്കിയിലെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അഭയാര്‍ഥി പ്രവാഹത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ഞൂറിലേറെ പേര്‍ മരിച്ചതായാണ് കണക്കുകള്‍.
മാസങ്ങള്‍ക്ക് മുമ്പ് സിറിയന്‍ അഭയാര്‍ഥി അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹം സമുദ്രതീരത്ത് അടിഞ്ഞ ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് യൂറോപ്യന്‍ യൂനിയനെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

Latest