Connect with us

International

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്‌: മലാല

Published

|

Last Updated

ബെര്‍മിങ്ഹാം: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ട്രംപിന്റെ പ്രസ്താവന ശരിയായില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം ഏറെ വേദനാജനകമാണ്. ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് നയിക്കാനേ ഉപകരിക്കൂ എന്നും മലാല പറഞ്ഞു.

മുസ്‌ലിംകളെ ഒറ്റപ്പെടുത്തി തീവ്രവാദത്തെ ഇല്ലാതാക്കാമെന്ന് കരുതുന്നത് തെറ്റാണ്. ഇത് തീവ്രവാദശക്തികള്‍ക്ക് വളരാനേ സഹായിക്കൂ. ഏതാനും കുറച്ച് സംഘങ്ങളുടെ ദുഷ്പ്രവര്‍ത്തി കാരണം മുഴുവന്‍ മുസ്‌ലിംകളേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മലാല പറഞ്ഞു. പാകിസ്ഥാനിലെ പെഷാവറില്‍ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കുകയാരുന്നു മലാല.

മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയിലടക്കം ലോകവ്യാപകമായി ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.