Connect with us

Gulf

ഭീകരതക്കെതിരെ രാജ്യങ്ങളുടെ മുന്നണി

Published

|

Last Updated

സഊദി അറേബ്യയുടെ മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് ഗള്‍ഫ് ഭരണാധികാരികളെ
സ്വീകരിക്കുന്നു (ഫയല്‍)

ഭീകരവാദ സംഘടനകള്‍ ലോകമാകെ ഭീഷണി മുഴക്കുമ്പോള്‍ അതിനെതിരെ അറബ് മേഖല കേന്ദ്രീകരിച്ച് “രാജ്യങ്ങളുടെ മുന്നണി” രൂപവത്കരിക്കുന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. യു എ ഇ ഉള്‍പെടെ 34 രാജ്യങ്ങളാണ് ഇതിനകം മുന്നണിയില്‍ ചേര്‍ന്നിരിക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ പരസ്പരം കൈമാറും. ആവശ്യമെങ്കില്‍ ഏകീകൃതമായ ആക്രമണം സംഘടിപ്പിക്കും.
സഊദി അറേബ്യയാണ് മുന്നണിക്ക് രൂപം നല്‍കിയത്. ഇറാനും ഇറാഖും ഒഴികെ മേഖലയിലെ പ്രമുഖ രാജ്യങ്ങളെല്ലാം മുന്നണിയിലുണ്ട്. പാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, മാലി, ചാഡ്, സോമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പെട്ടത് മുന്നണിക്ക് വലിയ നേട്ടമാണ്.
ഭീകരവാദം ഏറ്റവും ദുരിതം തീര്‍ത്തത് അറബ് മേഖലയിലാണ്. അറബ് വസന്തം പോലും ഭീകരതയിലേക്ക് വഴിമാറി. അഥവാ, അറബ് വസന്തത്തെ ഭീകരര്‍ ഹൈജാക്ക് ചെയ്തു. ലിബിയയിലും യമനിലും അതാണ് കണ്ടത്. പാശ്ചാത്യ ശക്തികള്‍ പല രാജ്യങ്ങളിലും കഥയറിയാതെ ആട്ടം കണ്ടു.
എന്നാല്‍, ഇസ്‌ലാമിക രാജ്യങ്ങള്‍ വലിയ സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് സഊദി അറേബ്യയുടെ വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചൂണ്ടിക്കാട്ടി. “പല രാജ്യങ്ങള്‍ക്കും സഹായം അനിവാര്യമായിരിക്കുന്നു. അത് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്”- ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
ഭീകര പ്രവര്‍ത്തനത്തിന് ഇരയായ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 46,100 കോടി ഡോളറിന്റെ പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ആഭ്യന്തരോത്പാദനത്തില്‍ 28,900 കോടി ഡോളറിന്റെ നഷ്ടമുണ്ട്. അഭയാര്‍ഥികളുടെ പുനരധിവാസത്തിന് 4870 കോടി ഡോളര്‍ ആവശ്യമായിരിക്കുന്നു. മേഖല സമാധാനപൂര്‍ണമായിരുന്നെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തിനകം കുറഞ്ഞത് 3,500 കോടി ഡോളറിന്റെ നിക്ഷേപം വരുമായിരുന്നു. വിനോദ സഞ്ചാര രംഗത്ത് 10,300 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. സിറിയക്കാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അവിടെ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ഭീകരരെ തുരത്താനുള്ള വ്യോമാക്രമണങ്ങള്‍ ചില പ്രദേശങ്ങള്‍ തന്നെ ഇല്ലാതാക്കി. അവിടെനിന്നുള്ള അഭയാര്‍ഥികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാന്‍ ഐക്യരാഷ്ട്രസഭ പെടാപാടു പെടുന്നു.
മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍, സിറിയയിലും യമനിലും ഭീകരരെ ഒറ്റപ്പെടുത്തുക തന്നെ വേണം. പുതുതായി രൂപവത്കരിക്കപ്പെട്ട മുന്നണി, അക്കാര്യത്തില്‍ പ്രധാന ചുവടുവെപ്പാണ്.

Latest