Connect with us

Gulf

അല്‍ നൂര്‍ ദ്വീപ് തുറന്നു

Published

|

Last Updated

യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ
ശൈഖ് ഡോ. സുല്‍ത്തന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ നൂര്‍ ദ്വീപ് സന്ദര്‍ശിക്കുന്നു

ഷാര്‍ജ: ഖാലിദ് ലഗൂണില്‍ നിര്‍മിച്ച അല്‍ നൂര്‍ ദ്വീപ് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പാര്‍ക്കിനും അല്‍ മുന്‍തസ ഉദ്യാനത്തിനും ഇടയിലാണ് ദ്വീപ്. ബട്ടര്‍ഫ്‌ളൈ ഹൗസാണ് ഏറ്റവും വലിയ പ്രത്യേകത. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 16 ഇനം ചിത്രശലഭങ്ങള്‍ ഇവിടെ പാറിക്കളിക്കും.
കൂടാതെ, കുട്ടികള്‍ക്കു പൂമ്പാറ്റകളെക്കുറിച്ചു മനസ്സിലാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഏറ്റവും പഴക്കമുള്ള ഒലീവുമരം മറ്റൊരു സവിശേഷത. അപൂര്‍വയിനം വജ്രം, സ്‌പെയിനില്‍ നിന്നുള്ള അപൂര്‍വ വൃക്ഷം, വൈവിധ്യമാര്‍ന്ന 1,200 വര്‍ണവിളക്കുകള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കും. നൗകാ ഉല്ലാസത്തിനും സൗകര്യമുണ്ട്. ബുഹൈറ കോര്‍ണീഷിലെ അല്‍ നൂര്‍ പള്ളിക്കടുത്തുനിന്നു ദ്വീപിലേക്കു മനോഹരമായ പാലം പണിതിട്ടുണ്ട്. പ്രകൃതിരമണീയതയില്‍ ഒരുക്കിയ അല്‍ നൂര്‍ ദ്വീപ് ഷാര്‍ജയുടെ വിനോദസഞ്ചാര മേഖലയെ മുന്നോട്ടുനയിക്കുമെന്നാണു പ്രതീക്ഷ.
ദേശാടനപ്പക്ഷികളുടെ ഇഷ്ടമേഖലയാണ് ഖാലിദ് തടാകം. ഇവിടെ നിര്‍മിച്ച ദ്വീപില്‍ ഇപ്പോള്‍ തന്നെ പക്ഷികള്‍ കൂടൊരുക്കിയിട്ടുണ്ട്. ഇതിനു വിളിപ്പാടകലെ ആംഫി തിയേറ്ററുമുണ്ട്. സെന്‍ട്രല്‍ സൂഖ്, അല്‍ ജുബൈല്‍ ജനറല്‍ മാര്‍ക്കറ്റ്, ബസ് ടെര്‍മിനല്‍, ജുബൈല്‍ അനിമല്‍–ബേര്‍ഡ്‌സ് മാര്‍ക്കറ്റ് തുടങ്ങിയവ ഇതിനു സമീപത്താണ്. ഷാര്‍ജയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മേഖലയാണ് അല്‍ ജുബൈല്‍. ഒട്ടേറെ മ്യൂസിയങ്ങള്‍ റോളയോടു ചേര്‍ന്നുണ്ട്.
ഫഌഗ് ഐലന്റ്, ഷാര്‍ജ ബുഹൈറ കോര്‍ണീഷ്, ഖാലിദ് തുറമുഖം, റോള ഉദ്യാനം എന്നിവയും ഈ പ്രദേശത്തിനടുത്താണ്. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്) 800 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ് ഒരുക്കിയത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 11 വരെയും വാരാന്ത്യ ദിനങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 12 വരെയുമാണു പ്രവേശനം. ബട്ടര്‍ഫ്‌ളൈ ഹൗസ് വൈകീട്ട് ആറു വരെ മാത്രമേ എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയുള്ളൂ. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ മുതിര്‍ന്നവര്‍ക്ക് 45 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണു പ്രവേശന നിരക്ക്. ആറിനു ശേഷം ഇത് യഥാക്രമം 25, 15 ദിര്‍ഹം.

Latest