Connect with us

National

ഡി ഡി സി എ കുംഭകോണം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ (ഡി ഡി സി എ) നടന്ന കുംഭകോണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) ആവശ്യപ്പെട്ടു. കുംഭകോണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ ചൊവ്വാഴ്ച സി ബി ഐ റെയ്ഡ് നടത്തിയത് ഡി ഡി സി എയിലെ ധനദുര്‍വിനിയോഗം സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ രൂപവത്കരിക്കാനെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട ഫയല്‍ തേടിയാണെന്ന് എ എ പി നേതാവ് കുമാര്‍ വിശ്വാസ് ആരോപിച്ചു. ഡി ഡി സി എ കുംഭകോണം ചര്‍ച്ചാ വിഷയമാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, കേന്ദ്രം അതിനെ എതിര്‍ക്കുകയാണെന്നും കുമാര്‍ വിശ്വാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി ഡി സി എ പ്രസിഡന്റ് എന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ അഴിമതികള്‍ മൂടിവെക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ മുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി ബി ഐ റെയ്ഡ് നടത്തിയതെന്നും വിശ്വാസ് പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയും ഡി ഡി സി എയിലെ മറ്റുഭാരവാഹികളും കോടിക്കണക്കിന് രൂപയുടെ ഫണ്ട് മുക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ധനമന്ത്രിയായി അരുണ്‍ ജെയ്റ്റ്‌ലി അധികാരത്തില്‍ തുടരുമ്പോള്‍ ഡി ഡി സി എ കുംഭകോണം സംബന്ധിച്ച് അന്വേഷിക്കാന്‍ കഴിയില്ലെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.
ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അരുണ്‍ ജെയ്റ്റ്‌ലിയും സംഘവും 57 കോടി രുപ കൊള്ളയടിച്ചതായി എ എ പി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. 24 കോടി രൂപ ചെലവില്‍ സ്റ്റേഡിയം പുനര്‍ നിര്‍മിക്കാന്‍ ഡി ഡി സി എ തീരുമാനിച്ചതായിരുന്നു. എന്നാല്‍ എന്‍ജിനിയറിംഗ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് (ഇ പി ഐ എല്‍) സ്റ്റേഡിയം പണി പൂര്‍ത്തിയാക്കിയത് 114 കോടി രൂപ ചെലവിട്ടാണ്. പൊതുമേഖല യൂനിറ്റായ ഇ പി ഐ എല്ലിന് ലഭിച്ചത് 57 കോടി രൂപയാണ്. ശേഷിച്ച 57 കോടി രൂപ എവിടെപോയെന്ന് രാഘവ് ഛദ്ദ ചോദിച്ചു.

Latest