Connect with us

Sports

‘യുവിയുടെ പ്രകടനം സെലക്ടര്‍മാര്‍ കാണുമോ?

Published

|

Last Updated

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളെ നാളെ പ്രഖ്യാപിക്കാനിരിക്കെ ഏവരുടേയും ശ്രദ്ധ യുവരാജ് സിംഗിലേക്ക്. വിജയ് ഹസാരെ ട്രോഫിക്കായുള്ള ടൂര്‍ണമെന്റില്‍ യുവരാജ് തകര്‍പ്പന്‍ ഫോമിലാണ്. ദേശീയ ടീമിലേക്ക് യുവരാജ് സിംഗിന് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ അതിപ്പോള്‍ മാത്രം. ഗ്രൂപ്പ് എയില്‍ പഞ്ചാബിന് വേണ്ടി ഗതകാല പ്രൗഢിയെ ഓര്‍മപ്പെടുത്തും വിധമാണ് ബാറ്റ് വീശുന്നത്. രാജസ്ഥാനെതിരെ 59 പന്തുകളില്‍ പുറത്താകാതെ 78 റണ്‍സടിച്ച യുവരാജിന് മുംബൈക്കെതിരെ ഏഴ് റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. മറ്റ് രണ്ട് മത്സരങ്ങളില്‍ 36 റണ്‍സ് വീതമാണ് നേടിയത്. ബൗളിംഗിലും തിളങ്ങുന്ന യുവി ആള്‍ റൗണ്ട് പ്രകടനമാണ് ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. 2014 ലാണ് യുവി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടി20 ലോകകപ്പിലാണത്. ആറ് മത്സരങ്ങളില്‍ നൂറ് റണ്‍സ് മാത്രമായിരുന്നു അന്ന് യുവിക്ക് സ്‌കോര്‍ ചെയ്യാനായത്.
മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന പരിമിത ഓവര്‍ ടീം യുവരാജ് സിംഗിനെ പോലൊരു മാച്ച് വിന്നറുടെ അഭാവം അനുഭവിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീംനാണം കെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നനായ ആള്‍ റൗണ്ടറെ സെലക്ടര്‍മാര്‍ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.

Latest