Connect with us

International

ഇസിലിന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ യു എന്‍ പ്രമേയം

Published

|

Last Updated

ജനീവ: സിറിയയിലെയും ഇറാഖിലെയും ഇസില്‍ സംഘത്തിന്റെ മുഴുവന്‍ ധനസ്രോതസ്സുകളും അടക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം യു എന്‍ രക്ഷാ സമിതി ഐകകണ്‌ഠ്യേന പാസാക്കി. ഭീകരസംഘടനകളായി യു എന്‍ പ്രഖ്യാപിച്ച മറ്റു ഗ്രൂപ്പുകളുടെ ധന സ്രോതസ്സുകളും കണ്ടെത്തി അവസാനിപ്പിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
യു എന്‍ രക്ഷാ സമിതിയിലെ 15 അംഗരാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാരുടെ യോഗമാണ് പ്രമേയം മുന്നോട്ട് വെച്ചത്. ഇസില്‍ സംഘം ഇരകളെ ബന്ദികളാക്കി മോചന ദ്രവ്യം നേടിയെടുക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ പൊളിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്. മോചനദ്രവ്യം ഇസില്‍ കേന്ദ്രങ്ങളില്‍ എത്തുന്നത് തടയണം. ഇസില്‍, അല്‍ ഖ്വാഇദ ബന്ധം പുലര്‍ത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ശക്തമാക്കുന്നതിന് നിഷ്‌കര്‍ഷിക്കുന്ന പ്രമേയം എല്ലാ രാജ്യങ്ങളും അവയുടെ ധനകാര്യ സംവിധാനത്തിലെ പഴുതുകള്‍ അടയ്ക്കണമെന്നും സുതാര്യമല്ലാത്ത മുഴുവന്‍ സാമ്പത്തിക ഒഴുക്കുകളും അവസാനിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അംഗരാജ്യങ്ങളെ ഓര്‍മിപ്പിക്കുന്നു.
ഇസിലുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വത്ത് മരവിപ്പിക്കല്‍, ആയുധ ഉപരോധം, യാത്രാ നിരോധം തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം.ദായിശ് സംഘം അത്യന്തം അപകടകരമായ നില കൈവരിച്ചിരിക്കുന്നു. അവരെ കൂടുതല്‍ അപകടകരമാകുന്നതില്‍ നിന്ന് തടയാന്‍ ശക്തമായ നടപടികള്‍ വേണം. സാമ്പത്തിക സ്രോതസ്സുകള്‍ അടക്കുകയെന്നത് തന്നെയാണ് അതില്‍ പ്രധാനം. ലോകരാജ്യങ്ങള്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ഇസില്‍ തീവ്രവാദികള്‍ കീഴടക്കിയ പ്രദേശങ്ങള്‍ മിക്കവയും പുരാതന വസ്തുക്കളാല്‍ സമ്പന്നമാണ്. ഈ വസ്തുക്കള്‍ വില്‍ക്കുക വഴി അവര്‍ കോടികള്‍ സമ്പാദിക്കുന്നു. ഇത്തരം വസ്തുക്കള്‍ വാങ്ങുന്നത് തടയാനാകണം. മാത്രമല്ല, ഇവര്‍ കുഴിച്ചെടുക്കുന്ന എണ്ണ വാങ്ങുന്നതും നിലക്കണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഇസില്‍ തീവ്രവാദികളുടെ കൈയില്‍ എത്തുന്നത് തടയണം. ഇതിനെല്ലാം രാഷ്ട്രങ്ങള്‍ വിവരങ്ങളും സാങ്കേതിക, അന്വേഷണ സംവിധാനങ്ങളും കൈമാറാന്‍ തയ്യാറാകണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. കുറേക്കൂടി ശക്തമായ ഏകോപനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സ്‌ഫോടക വസ്തുക്കള്‍ ഇസില്‍ സംഘത്തിന്റെ കൈയിലെത്തുന്നത് കര്‍ശനമായി തടയണം. ആയുധ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും സാങ്കേതിക വിദ്യയും ഇസിലിന് ലഭിക്കുന്നത് അപകടകരമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഇറാഖിലെയും സിറിയയിലെയും ബേങ്കുകള്‍ കൊള്ളയടിക്കുന്നത് വഴിയും എണ്ണയുടെ കള്ളക്കടത്ത് വഴിയും ഇസില്‍ സംഘം 1.5 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്ന് യു എന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Latest