Connect with us

Kannur

വിദ്യാലയ വികസനത്തിനുള്ള 350 കോടി സര്‍ക്കാര്‍ ലാപ്‌സാക്കി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ അനുവദിച്ച 350 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ലാപ്‌സാക്കിയതായി വിവരാവകാശ രേഖകള്‍. കലാ- കായിക-ശാസ്ത്ര രംഗങ്ങളില്‍ മികച്ച രീതിയില്‍ വിദ്യാഭ്യാസം ചെയ്യിച്ച് സ്‌കൂളുകളെ ഉന്നതനിലവാരത്തില്‍ എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ മൂന്ന് അധ്യയനവര്‍ഷങ്ങളിലായി ഈ ലക്ഷ്യം സാധിച്ചെടുക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍, തുക യഥാസമയം വിനിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സാവുകയായിരുന്നു.
കേരളത്തിലെ ലാഭകരമല്ലാത്ത 5412 സ്‌കൂളുകള്‍ (അണ്‍ എക്കണോമിക്)ക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ രേഖകളില്‍ പറയുന്നു.
സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുക വഴി പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകള്‍ നടത്താനും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. സ്‌കൂളുകളുടെ ഉന്നതി യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ഭരണപരമായ കടമകള്‍ നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നു.
ലാഭകരമല്ലാത്ത സ്‌കൂളുകള്‍ എന്ന് കേരളത്തില്‍ മുദ്രയടിക്കപ്പെട്ടിരിക്കുന്ന വിദ്യാലയങ്ങളില്‍ 85 ശതമാനവും മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി- ദലിത് മേഖലകളിലുമാണ്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലെ ഭാവിതലമുറയുടെ സാമൂഹികാവസ്ഥ മികവുറ്റതാക്കുന്നതിന് സാമ്പത്തികസാമൂഹിക-സാംസ്‌കാരിക ഉന്നമനം നേടിയെടുക്കുന്ന തരത്തിലുള്ള ജീവിതം സാധ്യമാകുന്നതായിരിക്കണം വിദ്യാഭ്യാസം എന്നിരിക്കെ, സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നടപടികള്‍ ഈ ലക്ഷ്യം അസ്ഥാനത്താക്കുന്നതാണെന്ന്‌വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒരുലക്ഷത്തിലധികം സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
ഈ മേഖലയിലെ അധ്യാപകരുടെ സ്ഥലംമാറ്റം, പ്രമോഷന്‍, പ്രിന്‍സിപ്പല്‍മാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നടപടി അനിശ്ചിതത്വത്തിലാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രവൃത്തിദിവസം അഞ്ചാക്കി കുറച്ചെങ്കിലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇപ്പോഴും ആറു പ്രവൃത്തിദിവസമാണ്. ഈ രണ്ടു മേഖലയുടെയും സമഗ്രപുരോഗതിക്ക് ഒരുതരത്തിലുമുള്ള ആലോചനയും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍ 1:30, 1:35 എന്നാക്കി ഗവണ്‍മെന്റ്/എയ്ഡഡ് വ്യത്യാസമില്ലാതെ തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് ആവശ്യം. എസ് എസ് എ, ആര്‍ എം എസ് എ മേഖലയില്‍ ഒഴിവുള്ള തസ്തികകളില്‍ പോലും എയ്ഡഡ് മേഖലയിലെ അധ്യാപകരെ പുനര്‍വിന്യസിക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരിമിതമായ ജോലിസാധ്യത പോലും ഇതുമൂലം നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest