Connect with us

Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമി നല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി നല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങൂവെന്ന് സ്‌പെഷ്യല്‍ ഓഫീസറായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ് അറിയിച്ചു.
ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍. സ്ഥലം നല്‍കുന്നവര്‍ക്ക് ഉചിതമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആദ്യം സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നവംബര്‍ 17 ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പുനരധിവാസത്തിന് 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതുപ്രകാരം പുളിക്കല്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, വില്ലേജുകളിലാണ് നിലവില്‍ ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി സംബന്ധിച്ച് ഭൂമി നല്‍കുന്നവര്‍ക്ക് വ്യക്തമായ രൂപരേഖ നല്‍കും.
ഇതിനായി എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും സ്‌കെച്ച് ലഭ്യമാക്കിയിട്ടുണ്ട്. സര്‍വെ നമ്പറുള്ള വ്യക്തമായ ഭൂരേഖയും റവന്യൂ വകുപ്പ് കൈമാറും. വിമാനത്താവള വികസനത്തിനായി ആകെ 485 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. 137 ഏക്കര്‍ ഭൂമി ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കുന്നതിനും 248 ഏക്കര്‍ ഭൂമി റണ്‍വേയുടെ നീളം വര്‍ധിപ്പിക്കല്‍, ടാക്‌സി വേ നിര്‍മാണം എന്നിവക്കാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങാവൂയെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
വിമാനത്താവള വികസനത്തിന് പലതവണ ഭൂമി വിട്ടു നല്‍കിയവര്‍ക്ക് പുനരധിവസിക്കപ്പെടുന്ന ഭൂമിയില്‍ അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
എ ഡി എം. കെ രാധാകൃഷ്ണന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ദ്ദനന്‍, എയര്‍പോര്‍ട്ട് എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ പി അബ്ദുല്‍ റശീദ്, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest