Connect with us

Malappuram

പൂന്താനം സ്മാരക ശിലാസ്ഥാപനം ഒന്നിന് കീഴാറ്റൂരില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: ഭക്തകവി പൂന്താനത്തിന് കീഴാറ്റൂരില്‍ സ്മാരകം നിര്‍മിക്കാന്‍ നടപടിയായി. സംസ്ഥാന ടൂറിസം വകുപ്പ് പൂന്താനം സ്മാരക സമിതി അനുവദിച്ച 50 സെന്റ് സ്ഥലത്താണ് സംസ്ഥാന വകുപ്പ് പൂന്താനം സ്മാരക നിലയം പണിയുന്നത്. ഒന്നേ കാല്‍ കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പൂന്താനം സ്മാരകത്തിന്റെ ആദ്യഘട്ടത്തിന് സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പൂന്താനം സ്മൃതി മണ്ഡപം, അണിയറ, ഓഡിറ്റോറിയം, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് സ്മാരകം. കിഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയത്തിനോട് അനുബന്ധമായാണ് സ്മാരകം പണിയുക. ജനുവരി ഒന്നിന് വൈകീട്ട് നാലിന് മന്ത്രി എ പി അനില്‍ കുമാര്‍ പൂന്താനം സ്മാരകത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. എം ഉമ്മര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ നിര്‍മിതി കേന്ദ്രക്കാണ് പൂന്താനം സ്മാരക നിലയത്തിന്റെ നിര്‍മാണ തുടക്കം. മൂന്ന് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉടമ്പടി വച്ചതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വി ഉമ്മര്‍കോയ, പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ എം വിജയകുമാര്‍ അറിയിച്ചു.