Connect with us

Kozhikode

കൈപ്പാട് നെല്‍കൃഷി വ്യാപിപ്പിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ഭൗമസൂചികാ പദവി ലഭിച്ച കൈപ്പാട് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഏകദിന സെമിനാറും കൈപ്പാട് നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കായി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.
ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൈപ്പാട് കൃഷി സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്.
മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയിലൂടെയാണ് കൈപ്പാട് അരി ഉത്പാദിപ്പാക്കുന്നത്. കടലിനോടോ പുഴയോടോ ചേര്‍ന്നുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷിയിറക്കുന്നത്. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മാത്രമേ ഈ നിലങ്ങളില്‍ യോജിക്കൂ. തീര്‍ത്തും ജൈവരീതിയില്‍ നടത്തുന്ന കൈപ്പാട് കൃഷിയെ നിലങ്ങളിലെ സൂഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ സ്വാധീനിക്കും. വര്‍ഷത്തില്‍ ഒറ്റത്തവണയുള്ള നെല്‍കൃഷി ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ്. നവംബറില്‍ കൊയ്ത്തിനു ശേഷം മത്സ്യകൃഷി നടത്തും. ഇതാണ് കൈപ്പാട് രീതി. കൊയിലാണ്ടിയില്‍ ചേമഞ്ചേരി, തുറയൂര്‍, ചെങ്ങോട്ടുകാവ്, മണിയൂര്‍, ഉള്ള്യേരി, മേപ്പയ്യൂര്‍ പഞ്ചായത്തുകളിലെ 1500 ഹെക്ടര്‍ സ്ഥലത്ത് കൈപ്പാട് കൃഷി അവലംബിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൈപ്പാട് കൃഷി വികസന അതോറിറ്റി രൂപവത്കരിക്കുന്നതോടെ കര്‍ഷകര്‍ക്ക് കൈപ്പാട് കൃഷിക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടിത്തുടങ്ങും.
കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധ അധ്യക്ഷത വഹിച്ചു. “ജൈവകൃഷിയില്‍ കൈപ്പാട് നെല്‍കൃഷി മേഖലയുടെ പ്രസക്തി” എന്ന വിഷയത്തില്‍ പീലിക്കോട് കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്രത്തിലെ ഡോ. വനജ ക്ലാസെടുത്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആയിഷാബി മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കെ വി നാരായണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പോള്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി പി സി രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എം ശോഭ, പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ട് അശോകന്‍, കൂമുള്ളി കരുണാകരന്‍ സംസാരിച്ചു.