Connect with us

Qatar

കരുത്തറിയിച്ച് ദേശീയ പരേഡ്

Published

|

Last Updated

ദോഹ: നീലാകാശത്തും നീലക്കടലിലും വിവിധ അഭ്യാസപ്രകടനങ്ങള്‍ നടത്തിയും മെറൂണ്‍, വെള്ള നിറങ്ങള്‍ വാരിവിതറിയും ദേശീയ പതാകകള്‍ പാറിപ്പിച്ചും ഖത്വര്‍ ദേശീയ ദിനാഘോഷം. രാവിലെ എട്ട് മണിക്ക് ദോഹ കോര്‍ണീഷില്‍ നടന്ന പരേഡായിരുന്നു ഔദ്യോഗിക ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും പരേഡ് വീക്ഷിക്കാനെത്തി. അമീറിന്റെ പേഴ്‌സനല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവരും സംബന്ധിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ഉപദേശക സമിതി സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി, ഡെപ്യൂട്ടി സ്പീക്കര്‍, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, നയതന്ത്രപ്രതിനിധികള്‍, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശാഭിമാനം തുളുമ്പുന്ന മനസ്സുമായി ആയിരക്കണക്കിന് പൗരന്മാരും കൈകള്‍ വീശിയും ദേശീയ ഗാനം ആലപിച്ചും പരേഡിന് അഭിവാദ്യമര്‍പ്പിച്ചു.
ദേശീയ ഗാനത്തോടെയാണ് പരേഡ് ആരംഭിച്ചത്. ദേശീയ ദിനത്തെ കുറിക്കാന്‍ 18 ആചാരവെടി മുഴക്കി. കുതിര, ഒട്ടക കാലാള്‍പ്പടയാണ് പരേഡിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. തുടര്‍ന്ന് സായുധ സേനയിലെ വിവിധ വിഭാഗങ്ങള്‍ അണിനിരന്നു. ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ്യ)യിലെ അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറി. സായുധ സേനയുടെ കാലാള്‍പ്പട, അമീരി ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, ലഖ്‌വിയ്യ തുടങ്ങിയ സേനാവിഭാഗങ്ങളുടെ അഭിവാദനമായിരുന്നു. അത്യാധുനിക സൈനിക വാഹനങ്ങളോടൊപ്പം പഴയ വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. കടലില്‍ നാവിക സേനയുടെ അഭ്യാസപ്രകടനളായിരുന്നു ശേഷം. നാവിക സേനയുടെ പരേഡിന് തൊട്ടുടനെയായിരുന്നു ഇത്. തുടര്‍ന്ന് വ്യോമസേനയുടെ ആകാശ പ്രകടനം അരങ്ങേറി. പോര്‍വിമാനങ്ങള്‍ ദേശീയപതാകയുടെ നിരവധി മാതൃകകള്‍ സൃഷ്ടിച്ചു. ഹെലികോപ്ടറിനൊപ്പം ദേശീയപതാകയോടൊപ്പം അമീറിന്റെ ചിത്രം വെച്ചുള്ള കൂറ്റന്‍ പതാകയും വാനില്‍ പാറിക്കളിച്ചു. യാത്രാ, ചരക്ക് വിമാനങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. പരേഡിന് മുമ്പ് നടന്ന പാരാഗ്ലൈഡിംഗ് അഭ്യാസികളുടെ പ്രകടനം എല്ലാവരെയും ആകര്‍ഷിച്ചു. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ബോര്‍ഡര്‍ ഗാര്‍ഡ്, ട്രാഫിക് വകുപ്പ്, പോലീസ് കോളജ്, നാഷനല്‍ സര്‍വീസ്, ഖത്വര്‍ ലീഡര്‍ഷിപ് അക്കാദമി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമീരി ഗാര്‍ഡിന്റെ യൂനിഫോമില്‍ പരേഡില്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ക്ലാസിക് കാറുകളും പായ്ക്കപ്പലുകളും പരേഡിന്റെ ഭാഗമായി ഉണ്ടായിരുന്നു.
പരേഡിന് ശേഷം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും പരേഡ് റോഡിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സുസ്‌മേരവദനരായി നടന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് കൈ കൊടുത്തും അഭിവാദനം അര്‍പ്പിച്ചും കുശലാന്വേഷണം നടത്തിയും ജനങ്ങളിലേക്കിറങ്ങിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
പരേഡ് നേരിട്ട് കാണാന്‍ അതിരാവിലെ തന്നെ കോര്‍ണീഷിലേക്ക് സ്വദേശികളുടെ ഒഴുക്കായിരുന്നു. കോര്‍ണീഷിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്നിട്ടും കിലോമീറ്ററുകള്‍ നടന്ന് കുട്ടികളും വൃദ്ധരും സ്ത്രീകളും അടക്കമുള്ളവര്‍ തണുപ്പിനെ വകവെക്കാതെ കോര്‍ണീഷിലെത്തി. 40 മിനുട്ട് നീണ്ട പരേഡ് കാണാന്‍ മൂന്നും നാലും മണിക്കൂറുകള്‍ക്ക് മുമ്പേ ആളുകളെത്തി. പ്രധാന സുരക്ഷാ പരിശോധന ഏരിയക്ക് പുറമെ നിരവധി ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു. കുടുംബത്തോടൊപ്പമല്ലാതെയെത്തിയ നിരവധി പുരുഷന്മാരെ പോലീസ് മടക്കിയയച്ചു. പരേഡിന് ശേഷം ജനങ്ങള്‍ കോര്‍ണിഷിലെ വിവിധയിടങ്ങളില്‍ ഒത്തുകൂടി ഭക്ഷണം കഴിക്കുകയും പരസ്പരം ആശംസകള്‍ കൈമാറുകയും ചെയ്തു.
ദോഹ കോര്‍ണീഷില്‍ നടന്ന പരേഡ് പ്രതിരോധ സഹമന്ത്രി മേജര്‍ ജനറല്‍ ഹമദ് ബിന്‍ അലി അല്‍ അതിയ്യ അഭിനന്ദിച്ചു. വിവിധ വകുപ്പുകള്‍ ഒന്നിച്ച് പരേഡ് മനോഹരമാക്കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അദ്ദേഹം ആശംസ അറിയിച്ചു. അമീറിന്റെ അനുഗ്രഹീത നേതൃത്വത്തില്‍ ഖത്വര്‍ രാഷ്ട്രം സുരക്ഷ, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും അത്യാധുനിക സാങ്കേതികവിദ്യ, ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ സ്വയംപര്യാപ്തത ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ സഹായത്തിന് പ്രതിരോധ വകുപ്പ് സദാസന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ദേശീയദിന ആശംസകള്‍ അര്‍പ്പിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃപാടവവും പിതൃഅമീര്‍ ശൈഖ് ഹമദ് ബിന് ഖലീഫ അല്‍താനിയുടെ ആശീര്‍വാദവും രാജ്യത്തെ വികസനത്തിന്റെയും വളര്‍ച്ചയുടെയും ഉത്തുംഗതയിലേക്ക് എത്തിച്ചിരിക്കുന്നു. രാഷ്ട്ര സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ കാലം മുതല്‍ക്കെയുള്ള ചരിത്രപരവും സമഗ്രവുമായ ദേശീയ ദര്‍ശനമാണ് നേട്ടങ്ങളുടെ ആണിക്കല്ല്. സുദൃഢ നിലപാടിന്റെയും സ്ഥാപിത നയങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഖത്വറിന്റെ തുടര്‍ന്നുള്ള വിദേശ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Latest