Connect with us

Gulf

ആസ്വാദകത്തിരക്കില്‍ കതാറയില്‍ ആഘോഷം

Published

|

Last Updated

ദോഹ: അമീരി ഗാര്‍ഡുമാരുടെ പരേഡോടെ കതാറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ ദേശീയദിന പരിപാടികള്‍ക്ക് തുടക്കമായി. രണ്ട് ദിവസത്തെ പരിപാടികള്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹീം അല്‍ സുലൈതി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥാപനങ്ങളും അതോറിറ്റികളും സംഘനടകളും ചേര്‍ന്ന് 48ലധികം പരിപാടികളാണ് ഇത്തവണ കതാറയില്‍ അരങ്ങേറുന്നത്.
50 അംഗങ്ങളുള്ള ബാന്‍ഡ് സംഘവും 24 പേരുടെ പീരങ്കിപ്പടയും 12 പേരടങ്ങിയ കാലാള്‍പ്പടയും പരേഡില്‍ അണിനിരന്നു. നൂറുകണക്കിന് പേര്‍ പരേഡിന് അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് ആംഫി തിയേറ്ററില്‍ ബാന്‍ഡ് അവതരണം നടന്നു. ഖത്വറിന്റെ പാരമ്പര്യ ഗാനം ആലപിച്ച ബാന്‍ഡ് സംഘത്തിലെ മൂന്ന് പേരെ കതാറ ആദരിച്ചു. പിറന്ന മണ്ണിന് ആദരം നല്‍കിയ ഖത്വര്‍ സംഗീതജ്ഞരെ ആദരിക്കുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹീം അല്‍ സുലൈതി പറഞ്ഞു. പ്രതിഭാധനരുടെ സംരക്ഷകരാണ് എന്നും കതാറ. സമ്പന്നമായ ഖത്വരി കാവ്യ സംസ്‌കാരത്തിന് മിഴിവ് പകരുന്ന പ്രതിഭകളെ ആദരിക്കുന്നത് സമൂഹത്തിന് മുതല്‍ക്കൂട്ടാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്വറിന്റെ പൈതൃകവും സംസ്‌കാരവും പ്രകടിപ്പിക്കുന്ന ഷോപ്പുകളടങ്ങിയ താത്കാലിക സാംസ്‌കാരിക കേന്ദ്രം കതാറയില്‍ ആരംഭിച്ചിട്ടുണ്ട്. ലെതര്‍ ഉത്പന്നങ്ങള്‍, ടെലിപ്രിന്റര്‍, കാമറ, പ്രാദേശിക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാനാകും. ഖത്വരി തനത് ഭക്ഷ്യവിഭവങ്ങളും ലോക രുചികളും ഇവിടുത്തെ ഭക്ഷണശാലകളില്‍ ആസ്വദിക്കാം. കുട്ടികളുടെ വിനോദത്തിനാണ് കതാറ ഇപ്രാവശ്യവും മുന്‍ഗണന നല്‍കിയത്. കൊച്ചുകുട്ടികള്‍ക്ക് പോലും പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്.
വിദേശികളടക്കമുള്ളവര്‍ക്ക് തങ്ങളുടെ വിധേയത്വവും രാഷ്ട്രസ്‌നേഹവും പ്രകടമാക്കാന്‍ തീരത്തിന് അഭിമുഖമായി സ്ഥാപിച്ച കൂറ്റന്‍ പേപ്പര്‍ചുമരായ ലൊയാല്‍റ്റി ബുക്ക് പ്രത്യേകം ആകര്‍ഷിക്കുന്നുണ്ട്. ഹിന്ദി, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളില്‍ “ഞാന്‍ ഖത്വറിനെ സ്‌നേഹിക്കുന്നു” എന്ന എഴുത്ത് കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലൊയാല്‍റ്റി ബുക്ക്.
മൈതാനത്ത് കുതിര സവാരിയും അന്താരാഷ്ട്ര, ദേശീയ മ്യൂസിക് ഷോയും സായുധ സേനയുടെ പാരാഗ്ലൈഡിംഗും മറ്റ് ആകര്‍ഷണങ്ങളാണ്. കതാറയില്‍ ഇന്നും പരിപാടികള്‍ ഉണ്ടാകും.