Connect with us

Gulf

രക്തസാക്ഷികളുടെ ധീരത രാജ്യം മറക്കില്ല- ജനറല്‍ ശൈഖ് മുഹമ്മദ്

Published

|

Last Updated

ഷാര്‍ജ: രാജ്യത്തിനായി ധീരതയോടെ പോരാടി രക്തസാക്ഷിത്വം വരിച്ചവരെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. യമനില്‍ ഓപറേഷന്‍സ് റെസ്റ്റോറിംഗ് ഹോപ്പില്‍ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച സുല്‍ത്താന്‍ മുഹമ്മദ് അലി അല്‍ കത്ബിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തവേയാണ് ജനറല്‍ ശൈഖ് മുഹമ്മദ് രക്തസാക്ഷികളുടെ ധീരതയെയും സാഹസികതയെയും മുക്തകണ്ഠം പ്രശംസിച്ചത്. രക്തസാക്ഷികള്‍ ധീരതയുടെയും ത്യാഗത്തിന്റെയും ഉദാത്തമായ സാക്ഷാത്കാരങ്ങളാണ്. യു എ ഇ കെട്ടിപ്പടുക്കാന്‍ രാഷ്ട്രപിതാവ് ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രദര്‍ശിപ്പിച്ച ധൈര്യം ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ശൈഖ് സായിദ് സഹോദരന്മാരായ അറബ് നേതാക്കളുമായി കൈകോര്‍ത്താണ് യു എ ഇയെന്ന രാജ്യം യാഥാര്‍ഥ്യമാക്കിയത്. ആ ധീരതയുടെ തുടര്‍ച്ചയാണ് നാം രാജ്യത്തിനായി പോരാടി മരിച്ചവരില്‍ കാണുന്നത്. യമനില്‍ സമാധാനം സ്ഥാപിതമാവുകയെന്നത് യു എ ഇ ഉള്‍പെടെയുള്ള ലോകത്തിന്റെ അഭിലാഷമാണ്. നാം അത് നേടുക തന്നെ ചെയ്യും. രാജ്യത്തെ സംരക്ഷിക്കാനായി ധീരതയോടെ സേവനം ചെയ്യുന്ന സൈനികരില്‍ അഭിമാനിക്കുന്നു. ജനറല്‍ ശൈഖ് മുഹമ്മദ് അല്‍ കത്ബിയുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു. കത്ബിയുടെ മക്കളുമായി ജനറല്‍ ശൈഖ് മുഹമ്മദ് സമയം ചിലവിട്ടു.
വെല്ലുവിളികളെ നേരിടുന്നതില്‍ രാജ്യം ഉറച്ചു നില്‍ക്കും. അതില്‍ ഒരു വിട്ടുവീഴ്ചക്കും സ്ഥാനമില്ല. ഏത് സാഹചര്യവും നേരിടാന്‍ യു എ ഇ സജ്ജമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തി വിമത സൈന്യത്തിന് എതിരായുള്ള സഖ്യത്തില്‍ യു എ ഇ സജീവമായി പങ്കാളികളാവുന്നത്. യമനില്‍ സ്ഥിരത കൈവരുത്താനും അവിടുത്തെ ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയുമുള്ള ജീവിതം ഉറപ്പാക്കാനും രാജ്യം ആവശ്യമായതെല്ലാം ചെയ്യും. മേഖലയില്‍ സമാധാനം നിലനില്‍ക്കാന്‍ യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ഇബ്‌റാഹിം അല്‍ ഹമ്മാദി ഉള്‍പെടെയുള്ളവര്‍ ജനറല്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും അല്‍ കത്ബിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും ഒപ്പമുണ്ടായിരുന്നു.
എഫ് എന്‍ സി സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസി, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, കിഴക്കന്‍ മേഖലക്കുള്ള ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും അല്‍ കത്ബിയുടെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ അനുശോചനം അറിയിച്ചവരില്‍ ഉള്‍പെടും.

Latest