Connect with us

Gulf

ഷാര്‍ജയില്‍ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്‌കൂളില്‍ ഫുഡ് ബസാറിലേക്കായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായത്. ബുധനാഴ്ചയാണ് സ്‌കൂളില്‍ ഫുഡ് ബസാര്‍ സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയം, ഷാര്‍ജ നഗരസഭ, എജ്യുക്കേഷന്‍ സോണ്‍ എന്നിവ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരേ രോഗലക്ഷണങ്ങളുമായി കുട്ടികളെ ഓരോരുത്തരെയായി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറുവേദന, മനംപിരട്ടല്‍, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതര്‍ നഗരസഭ ഉള്‍പെടെയുള്ളവര്‍ക്ക് വിവരം നല്‍കുകയായിരുന്നു. 12 പേരെ ആവശ്യമായ ചികിത്സനല്‍കി ഉടനെ വിട്ടയച്ചു. 13 പേരില്‍ ആറു പേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അതേസമയം വിദ്യാലയത്തില്‍ നിന്നല്ല വീട്ടില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ നടത്തിയ ബസാറിലേക്കായി കൊണ്ടുവന്ന ഭക്ഷണം കഴിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്ന നിലപാടിലാണ് സ്‌കൂള്‍ അധികാരികള്‍.
ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ ബസാറിലേക്കായി വിവിധ തരം ഭക്ഷ്യവസ്തുക്കളാണ് വീടുകളില്‍ നിന്ന് കൊണ്ടുവന്നത്. ഇവ ഇവര്‍ പരസ്പരം വില്‍പന നടത്തുകയായിരുന്നു. അറബിക് ഫുഡ്, സലാഡ്, കപ്പ്‌കേക്ക്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ കഴിച്ച ഭക്ഷണത്തില്‍ ഉള്‍പെട്ടിരുന്നൂവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനി നെഹ ഹുസൈനും സഹോദരിയും അഞ്ചാം ക്ലാസുകാരിയായ ദയ ഹുസൈനും വ്യക്തമാക്കി.
ഏത് ഭക്ഷണമാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്ന് അറിയില്ല. രണ്ടു മുതല്‍ മൂന്നു ദിര്‍ഹം വരെ വിലയിട്ട ഭക്ഷ്യവസ്തുക്കളാണ് 20 ദിര്‍ഹത്തിന് വാങ്ങി കഴിച്ചതെന്ന് നഹ പറഞ്ഞു. രാത്രി മുഴുവന്‍ മകള്‍ ചര്‍ദ്ദിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതെന്ന് പിതാവ് മുഹമ്മദ് ഹുസൈനും വ്യക്തമാക്കി. സംഭവം ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് ഷാര്‍ജ നഗരസഭാ അധികൃതര്‍ അറിയിച്ചു.

Latest