Connect with us

National

നാഷനല്‍ ഹെറാള്‍ഡ് കേസ് എന്നാല്‍

Published

|

Last Updated

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1937ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു, പി ഡി ഠണ്ഡന്‍, ആചാര്യ നരേന്ദ്രദേവ്, റാഫി അഹമ്മദ് കിദ്വായ് തുടങ്ങിയവര്‍ ചേര്‍ന്നു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍.) പുതുതായുണ്ടാക്കിയ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. കടബാധ്യതയെ തുടര്‍ന്ന് 2008ല്‍ പൂട്ടിയ എ ജെ എല്ലിനെ കമ്പനി നിയമത്തിലെ 25ാം വകുപ്പ് പ്രകാരം രൂപവത്കരിച്ച യംഗ് ഇന്ത്യ കമ്പനി ഏറ്റെടുക്കുകയായിരുന്നു.
സോണിയയും രാഹുലും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ ജെ എല്‍. കമ്പനിയെ യംഗ് ഇന്ത്യ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. ഈ ഇടപാടിലൂടെ കമ്പനിയുടെ അയ്യായിരം കോടിയുടെ ആസ്തി ചുരുങ്ങിയ ചെലവില്‍ യംഗ് ഇന്ത്യ സ്വന്തമാക്കുകയായിരുന്നുവെന്നായിരുന്നു പരാതി. 1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും അമ്പത് ലക്ഷം രൂപക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. 2012ലാണ് സ്വാമി പരാതിയുമായി രംഗത്തെത്തിയത്. യംഗ് ഇന്ത്യന്‍ ഓഹരികളില്‍ 38 ശതമാനം വീതം സോണിയ ഗാന്ധിയുടെതും രാഹുല്‍ ഗാന്ധിയുടെതുമാണ്. എ ജെ എല്ലിന് മെട്രോ നഗരങ്ങളിലുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ഭൂമിയും കെട്ടിടങ്ങളുമുണ്ട്.
എന്നാല്‍, എ ജെ എല്ലിന്റെ കടബാധ്യത ഏറ്റെടുത്ത യംഗ് ഇന്ത്യ, ഈ ബാധ്യയെ ഓഹരികളാക്കി മാറ്റുകയും അതിലൂടെ എ ജെ എല്ലിനെ പുനരുദ്ധരിക്കുകയും പത്രമിറക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.