Connect with us

Ongoing News

ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍: ബാഴ്‌സലോണക്ക് കിരീടം

Published

|

Last Updated

ടോക്ക്യോ: മറിച്ചൊന്നും സംഭവിച്ചില്ല. ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം യൂറോപ്യന്‍ ഫുട്‌ബോളിലെ അതികായരായ ബാഴ്‌സലോണക്ക് സ്വന്തം. തെക്കേ അമേരിക്കന്‍ ജേതാക്കളായ റിവര്‍പ്ലേറ്റിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ തേരോട്ടം.
സ്പാനിഷ് വമ്പന്മാരുടെ മൂന്നാം ലോക ക്ലബ് കിരീടമാണിത്. 2009, 2011 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പുള്ള ബാഴ്‌സയുടെ കിരീട നേട്ടങ്ങള്‍. ഒന്നില്‍ കൂടുതല്‍ തവണ ലോക കിരീടം നേടിയ ഏക ക്ലബും ബാഴ്‌സയാണ്.
ഇതോടെ 2015 സീസണില്‍ ബാഴ്‌സക്ക് അഞ്ച് കിരീടങ്ങളായി. സ്പാനിഷ് ലാ ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവയാണ് സീസണില്‍ ബാഴ്‌സ നേടിയ മറ്റ് കിരീടങ്ങള്‍. ഒരേ സീസണില്‍ ഈ കിരീടങ്ങളെല്ലാം നേടുന്ന ആദ്യ ക്ലബെന്ന നേട്ടവും ബാഴ്‌സ സ്വന്തം പേരിലാക്കി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമായ റിവര്‍പ്ലേറ്റിനെതിരെ വ്യക്തമായ ആധ്യപത്യം പുലര്‍ത്തിയാണ് ബാഴ്‌സയുടെ കിരീടധാരണം.
36 ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെയാണ് ബാഴ്‌സ ഗോളടിക്ക് തുടക്കമിട്ടത്. ഡാനി ആല്‍വസ് ഉയര്‍ത്തി അടിച്ച ക്രോസ് ബോക്‌സില്‍ നെയ്മര്‍ക്ക് ലഭിക്കുന്നു. നെയ്മര്‍ തലകൊണ്ട് പന്ത് മെസിക്ക് കൈമാറി. പന്ത് ആദ്യം കാല്‍മുട്ടുകൊണ്ട് നിയന്ത്രണത്തിലാക്കിയ മെസി പ്രതിരോധ നിരയെ കബളിപ്പിച്ച് ഉതിര്‍ത്ത ഷോട്ട് വലയില്‍ക്കയറി. കളിച്ച മൂന്ന് ക്ലബ് കപ്പ് ഫൈനലിലും ഗോളടിച്ച താരമെന്ന ബഹുമതിയും ഈ ഗോളോടെ മെസി സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ റണ്ട് മാറ്റങ്ങള്‍ വരുത്തിയെങ്കിലും റിവര്‍പ്ലേറ്റിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 49ാം മിനുട്ടില്‍ സുവാരസിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. സര്‍ജിയോ ബുസ്‌കെറ്റ്‌സ് നല്‍കിയ പന്ത് സുവാരസ് വലയിലെത്തിച്ചു. 53ാം മിനിറ്റില്‍ മെസ്സിക്ക് ലഭിച്ച സുവര്‍ണാവസരം ലിവര്‍ പ്ലേറ്റ് ഗോള്‍കീപ്പര്‍ ബരോവരോയില്‍ തട്ടിത്തകര്‍ന്നു.
68ാം മിനുട്ടില്‍ സുവാരസ് റിവര്‍പ്ലേറ്റിന് മേല്‍ അവസാന ആണിയുമടിച്ചു. നെയ്മറിന്റെ ഉജ്ജ്വല ക്രോസ് സുന്ദരമായൊരു ഹെഡ്ഡറിലൂടെ സുവാരസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ സുവാരസിന്റെ അഞ്ചാം ഗോളാണിത്. സെമിഫൈനലില്‍ ചൈനീസ് ക്ലബായ ഗാംഗ്ചു എവര്‍ഗ്രാന്റെക്കെതിരെ സുവാരസ് ഹാട്രിക്ക് നേടിയിരുന്നു. ടൂര്‍ണമെന്റിലെ ഗോള്‍ഡ് ബോള്‍ പുരസ്‌കാരം സുവാരസിനും സില്‍വര്‍ ബോള്‍ മെസിക്കും ബ്രോണ്‍സ് ബോള്‍ ആന്ദ്രെ ഇനിയസ്റ്റക്കും ലഭിച്ചു. അതെ സമയം, ജാപ്പനീസ് ക്ലബ് സാന്‍ഫ്രസ് ഹിരോഷിമ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടി. ഗ്വാന്‍ചു എവര്‍ഗ്രാന്‍ഡെയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സാന്‍ഫ്രസ് മൂന്നാം സ്ഥാനത്തെത്തിയത്.

Latest