Connect with us

Gulf

വാടക വര്‍ധനവിന്റെ കാലം അവസാനിക്കുമോ?

Published

|

Last Updated

സാമ്പത്തിക മാന്ദ്യം സകലതിനെയും ബാധിച്ചുവെങ്കിലും വാടകയില്‍ മാത്രം മാറ്റമില്ല. താമസ കേന്ദ്രങ്ങളായാലും വാണിജ്യ സ്ഥാപനത്തിനുള്ള ഇടമായാലും, അനേകം കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും വാടക കുറയുന്നില്ല. 2010 മുതല്‍ ഓരോ വര്‍ഷം കൂടി വന്നിരുന്നു. ഇടനിലക്കാരുടെ കുതന്ത്രങ്ങള്‍ക്കാണ് ഇപ്പോഴും കമ്പോളത്തില്‍ അധീശത്വം. ഹോട്ടല്‍ മുറി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടും കെട്ടിടവാടക പല സ്ഥലങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അതേ നിലയില്‍. വ്യാപാരം പച്ചപിടിച്ചു വരുമ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് കട ഒഴിപ്പിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്. റെഗുലേറ്ററി അതോറിറ്റിയെ കബളിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ഉടമകളും ഇടനിലക്കാരും പഠിച്ചുവെച്ചിട്ടുണ്ട്.
അബുദാബിയിലെ ഹൈഡ്ര വില്ലേജില്‍ ഈ വര്‍ഷം 32 ശതമാനം വരെ വാടക വര്‍ധനവുണ്ടായി. അബുദാബി ദുബൈ വഴിയോരങ്ങളില്‍ ധാരാളം കെട്ടിടങ്ങള്‍ പുതുതായി വന്നെങ്കിലും വാടകകുറഞ്ഞിട്ടില്ല. സാദിയാത്തിലും റഹാബീച്ചിലും വര്‍ധിക്കുകയാണ് ചെയ്തത്. ലോകത്തിലെ ഏറ്റവും വാടക ഈടാക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം അബുദാബി പിടിച്ചുപറ്റിയതായി സി ബി ആര്‍ ഇ പ്രോപ്പര്‍ട്ടി ബ്രോക്കര്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.
ദുബൈ പാംജുമൈരയില്‍ താങ്ങാനാവാത്ത വാടകയാണ്. ഇവിടെ സിംഗിള്‍ ബഡ് റൂം ഫഌറ്റിന് പ്രതിവര്‍ഷം ചുരുങ്ങിയത് ഒരു ലക്ഷത്തിലധികം ദിര്‍ഹം നല്‍കണം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ഇന്റര്‍നാഷനല്‍ സിറ്റി, സിലിക്കോണ്‍ ഒയാസിസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി അപ്പാര്‍ട്ടുമെന്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും സ്റ്റുഡിയോ ഫഌറ്റിന് ശരാശരി 25,000 ദിര്‍ഹം നല്‍കണം.
ദുബൈയില്‍ വാടക നിയന്ത്രണ നിയമമുള്ളതാണ് അല്‍പം ആശ്വാസം. വര്‍ഷം തോറും വാടക വര്‍ധിപ്പിക്കുക എളുപ്പമല്ല. ഓരോ സ്ഥലത്തെയും വാടക, അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്. കമ്പോളത്തിന്റെ ആവശ്യം അനുസരിച്ച്, നിരീക്ഷണ സംവിധാനമുണ്ട്.
അബുദാബിയില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ വാടക നിയമംവരികയാണ്. സാധാരണക്കാര്‍ക്ക് ഗുണകരമാകും പുതിയ നിയമം എന്നാണ് പ്രതീക്ഷ. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മുനിസിപ്പല്‍ അഫയേഴ്‌സിനായിരിക്കും ചുമതല, ദുബൈയിലെ റെഗുലേറ്ററി അതോറിറ്റി (റിറ)യുടെ അതേ ധര്‍മമാണ് ഡി എം എ നിര്‍വഹിക്കുക.
നിക്ഷേപകരില്‍ നിന്ന് അവിഹിതമായി പണം വാങ്ങരുതെന്ന് നിര്‍ദേശമുണ്ട്. നിക്ഷേപകന്‍ അപ്പാര്‍ട്ടുമെന്റ് മറിച്ചുവില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍ രണ്ടു ശതമാനം ഫീസ് ചുമത്താറുണ്ട്. അത്തരം കൊള്ളരുതായ്മകള്‍ അവസാനിക്കും. ഇതിന്റെയൊക്കെ ഗുണം വാടകക്കാര്‍ക്കും ലഭിക്കും.
ഷാര്‍ജയിലെ അല്‍ നഹ്ദയാണ് പുതുതായി ഉയര്‍ന്നുവന്ന താമസകേന്ദ്രം. ദുബൈ നഗരത്തിന്റെ അതിര്‍ത്തിയിലായതിനാല്‍ ആവശ്യക്കാരേറെ. ഒറ്റ മുറി ഫഌറ്റിന് ശരാശരി 40,000 ദിര്‍ഹമാണ് വാടക. അടുത്ത വര്‍ഷം വാടക കുറയുമെന്നാണ് കരുതുന്നത്. നിരവധി വിദേശീ കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതാണ് കാരണം. 2016 ജനുവരിയോടെ പല കെട്ടിടങ്ങളും ശൂന്യമാകും. അപ്പോഴെങ്കിലും വാടക കുറയുമെന്നാണ് കരുതേണ്ടത്.
കെ എം എ

Latest