Connect with us

Gulf

ഖത്വറിനെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നു: അല്‍ തവാദി

Published

|

Last Updated

ദോഹ: ഖത്വര്‍ ആതിഥേയത്വം വഹിക്കുന്ന 2022ലെ ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തിയോ ഷ്വാന്‍സിഗര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലവറി ആന്‍ഡ് ലെഗസി തള്ളി. ഖത്വറിനെ സംബന്ധിച്ച് ഒന്നും അറിയില്ല എന്നതാണ് ഷ്വാന്‍സിഗറിന്റെ അഭിപ്രായപ്രകടനം കാണിക്കുന്നതെന്ന് എസ് സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പ്രസ്താവനയില്‍ പറഞ്ഞു.
തൊഴിലാളികളുമായി ബന്ധപ്പെട്ട് രാജ്യം വരുത്തിയ പരിഷ്‌കാരങ്ങളും പദ്ധതികളും നേരിട്ടറിയുന്നതിന് അദ്ദേഹത്തെ നേരത്തെതന്നെ ഖത്വറിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഖത്വര്‍ സന്ദര്‍ശിക്കാന്‍ മനസ്സ് കാണിക്കാത്ത ആളാണ് ഷ്വാന്‍സിഗര്‍. മറ്റ് ജര്‍മന്‍ വിദഗ്ധരില്‍ പലരും ഖത്വര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകകപ്പ് തയ്യാറെടുപ്പുകള്‍ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ കൂടി സഹായിക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് നിരവധി നിയമ പരിഷ്‌കാരങ്ങള്‍ ഖത്വര്‍ നടത്തിയിട്ടുണ്ട്. വേതന സംരക്ഷണത്തിനും നിയമം കൊണ്ടുവന്നിട്ടുണ്ട്. ലോകകപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ജര്‍മന്‍ വിദഗ്ധരുടെയും ഒഫീഷ്യലുകളുടെയും അഭിപ്രായങ്ങളോട് വിരുദ്ധമാകുന്നതാണ് ഷ്വാന്‍സിഗറുടെത്. വേഗത്തിലുള്ള ഖത്വറിന്റെ തയ്യാറെടുപ്പുകളും അതിന്റെ ശക്തിയും ബവാറിയക്കും ഗുണകരമാകുമെന്ന് ജര്‍മന്‍ ഫെഡറല്‍ സംസ്ഥാനമായ ബവാറിയയുടെ മിനിസ്റ്റര്‍ പ്രസിഡന്റ് ഡോ. ഹോര്‍സ്ത് സീഹോഫര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവിറി ആന്‍ഡ് ലെഗസിയുമായി നടത്തിയ വിവിധ ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നത് അത്യാധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് ലോകകപ്പ് തയ്യാറെടുപ്പുകളുമായി ഖത്വര്‍ മുന്നോട്ടുപോകുന്നത് എന്നതാണ്. ചില നടപ്പുരീതികള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ലോകകപ്പ് നടത്തിപ്പില്‍ ഖത്വര്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. സീഹോഫര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുതിയ സ്റ്റേഡിയത്തിന്റെ പ്രധാന കരാര്‍ മിഡ്മാക് കമ്പനിക്ക് നല്‍കിയിരുന്നു. 40000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം പരമ്പരാഗത പായ്ക്കപ്പല്‍ മാതൃകയിലാണ് നിര്‍മിക്കുന്നത്. സ്റ്റേഡയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്നാണ് ധാരണ 2018ല്‍ പൂര്‍ത്തിയാക്കും. ഫിഫ വേള്‍ഡ് കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് ഇവിടെ നടക്കുക. ഭാവിയല്‍ അല്‍ വക്‌റ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആസ്ഥാനമായി ഈ സ്റ്റേഡിയം മാറും.