Connect with us

National

ഇന്ത്യയും റഷ്യയും തമ്മില്‍ പുതിയ ആണവ കരാറുകള്‍ക്ക് നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ആണവ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും റഷ്യയും പുതിയ കരാറുകളില്‍ ഒപ്പു വെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ച ആരംഭിക്കുന്ന റഷ്യന്‍ പര്യടനത്തിനിടെ, കൂടംകുളം ആണവ നിലയത്തിന്റെ അഞ്ചും ആറും യൂനിറ്റ് സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് അറിയുന്നത്. രാജ്യത്ത് കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാനും പദ്ധതിയുണ്ട്.
ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ആണവ മേഖലയെ കൂടുതലായി ആശ്രയിക്കുകയെന്ന നയം തന്നെയാകും സര്‍ക്കാര്‍ പിന്തുടരുക. ഒരു ആണവ നിലയത്തില്‍ തന്നെ കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിക്കുകയെന്നതാകും നയം. പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉയരുന്ന ജനകീയ പ്രതിഷേധം ഇങ്ങനെ മറികടക്കാമെന്നും അടിസ്ഥാനസൗകര്യ മേഖലയില്‍ ചെലവ് കുറക്കാന്‍ ഈ നയം ഉപകരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ ആറ് റിയാക്ടറുകളാണ് സ്ഥാപിക്കാനിരിക്കുന്നത്. ഇവിടെ ഫ്രഞ്ച് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ആന്ധ്രാപ്രദേശിലെ കോവഡ്ഡയിലും ഗുജറാത്തിലെ മിത്തി വിര്‍ധിയിലും ആറ് വീതം റിയാക്ടറുകള്‍ വരും.
ഈ മാസം 23, 24 തീയതികളിലാകും പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുക.