Connect with us

International

ഇസ്‌റാഈല്‍ വ്യോമാക്രമണം: ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: ദമസ്‌കസില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് സമീര്‍ ഖന്തറടക്കം എട്ട് പേര്‍ മരിച്ചു. ഇന്നലെ രാവിലെ ദമസ്‌കസിലെ ജരമന പ്രദേശത്ത് ഒരു കെട്ടിടത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഹിസ്ബുല്ലയുടെ ഔദ്യോഗിക ചാനലായ മനാര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. സമീര്‍ ഖന്തര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് സയണിസ്റ്റ് ഭീകരര്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ഹിസ്ബുല്ല ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഖന്തറിന്റെ സഹോദരന്‍ ബസ്സമും ബോംബാക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. ബോംബാക്രമണത്തില്‍ ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി മരിച്ചിട്ടുണ്ടെന്ന് മനാര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഇസ്‌റാഈലി പൗരന്‍മാരെ കൊലപ്പെടുത്തിയെന്നാരോപിച്ച് പതിനാറാം വയസ്സില്‍ ഖന്തറെ അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 30 വര്‍ഷം ഇസ്‌റാഈലി തടങ്കലില്‍ കഴിഞ്ഞ ഖന്തറിനെ 2008ല്‍ ഹിസ്ബുല്ലയും ഇസ്‌റാഈലും നടത്തിയ ഉടമ്പടിയില്‍ വിട്ടയച്ചിരുന്നു. ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ അന്ന് ഉജ്ജ്വല സ്വീകരണമാണ് ഖന്തറിന് ലഭിച്ചത്. ഇതിന് പുറമെ ലബനന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരണവുമൊരുക്കിയിരുന്നു. ഹിസ്ബുല്ലയുടെ ഉയര്‍ന്ന കമാന്‍ഡിംഗ് ഓഫീസറായാണ് അദ്ദേഹത്തെ കരുതപ്പെടുന്നത്.

Latest