Connect with us

Kasargod

സംസ്‌ക്കാരത്തിന്റെ അടിത്തറ ഭാഷ -എം എന്‍ കാരശ്ശേരി

Published

|

Last Updated

കാസര്‍കോട്: കേരളീയസംസ്‌ക്കാരത്തിന്റെ അടിത്തറയായ സമാധാനവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും രൂപപ്പെട്ടത് മലയാളഭാഷയില്‍ നിന്നാണെന്ന് എഴുത്തുകാരന്‍ ഡോ എം എന്‍ കാരാശ്ശേരി. കാഞ്ഞങ്ങാട് മിനിസിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മലയാളഭാഷയും സംസ്‌ക്കാരവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി എല്ലാ മതങ്ങളുടേയും സാരാംശം പഠിച്ചത് ക്ലാസ്മുറികളില്‍ നിന്നാണ്. മതത്തിന്റേയോ ജാതിയുടെയോ വേര്‍തിരിവുകള്‍ മലയാള ഭാഷയെ സ്വാധിനിച്ചിട്ടില്ല. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം നമ്മുടെ ഭാഷയാണ്. എങ്കിലും മലയാളം പുരുഷ കേന്ദ്രീകൃത ഭാഷയാണ്. കന്യകയ്ക്ക് ഇവിടെ പുരുഷ പദമില്ല. അധികാരത്തിന്റെ അധിനിവേശമാണ് ഭാഷ പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ ഇപ്പോഴാണ് മലയാളം ഒന്നാം ഭാഷയായത്. ഇതുവരെ ബ്രിട്ടീഷുകാര്‍ അടിച്ചേല്പിച്ച അടിമത്തം ഇംഗ്ലീഷുഭാഷയിലൂടെ പിന്തുടരുകയായിരുന്നു. മതമൗലികവാദികള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ പ്രതിരോധിക്കാന്‍ ഭാഷയിലൂടെ സാധിക്കും. മഹാകവി ടി ഉബൈദിനെപോലുള്ളവര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തില്‍ ഏറ്റവും ഭാഷാ സമ്പന്നമായ പ്രദേശമാണ് കാസര്‍കോടെന്ന് അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ഇവിടെ സംസ്‌കൃത പണ്ഡിതരെ അടിയാളവര്‍ഗം പ്രതിരോധിച്ചത് സ്വന്തം ഭാഷയിലാണ്. തോട്ടിന്‍കരഭഗവതിയുടേയും മുച്ചിലോട്ട് ഭഗവതിയുടേയും പൊട്ടന്‍തെയ്യത്തിന്റെയും തോറ്റംപാട്ടുകളിലും പൂരക്കളിയിലും മറത്തുകളിയിലും ഇത ്പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.
എ ഡി എം എച്ച് ദിനേശന്‍ അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ വൈ എം സി സുകുമാരന്‍, ഡപ്യൂട്ടിതഹസില്‍ദാര്‍ കെ രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.