Connect with us

Articles

അങ്ങനെ, കേരളം ഒറ്റ നഗരമായി മാറുംമുമ്പ്

Published

|

Last Updated

ഇന്ത്യയില്‍ പലയിടത്തും കാണാന്‍ കഴിയാത്ത ഒരു പ്രത്യേകത കേരളത്തിന് ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുന്‍പ് വരെ അവകാശപ്പെടാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതക്കനുസരിച്ചുള്ള വികസനവും ജീവിതവും ഒരു പക്ഷേ കേരളത്തിന്റെ മാത്രം പ്രത്യേകതയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന മാതൃക കൊണ്ട് കേരള മോഡല്‍ തന്നെ അക്കാലങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. സാക്ഷരതാ പ്രവര്‍ത്തനം ഊര്‍ജിതമാക്കപ്പെട്ട കാലങ്ങളില്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരടുക്കും ചിട്ടയുമുണ്ടായിരുന്നു.
കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ഏതു സമയവും എത്തിച്ചേരാന്‍ കഴിയുന്ന ഒരു പൊതു ഗതാഗത സംവിധാനം കേരളത്തിന്റെ പ്രത്യേകതയായിരുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, വൈദ്യുതി, വഴികളും ഇട വഴികളും അങ്ങനെ നഗരവും ഗ്രാമവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത ഒരു പ്രത്യേകതയാര്‍ന്ന വികസന കാഴ്ചയായിരുന്നു അന്ന് കാണാനായിരുന്നത്. നാട്ടുകാരും സര്‍ക്കാറും കൂടി മെനഞ്ഞെടുത്ത ഈ സംവിധാനമാണ് കേരളത്തില്‍ ഏറ്റവും കാര്യക്ഷമമായി ജനകീയാസൂത്രണ പ്രസ്ഥാനം കാര്യമായി വേരുറപ്പിക്കാനും കാരണമായിട്ടുണ്ടാവുക. പണക്കാരനായാലും പാവപ്പെട്ടവനായാലും തങ്ങളുടെ ഗ്രാമ പ്രദേശം ഒരു കാരണവശാലും വിട്ടുപോകാത്ത ഒരു പ്രത്യേക മാനസിക അടുപ്പം കാല്‍ നൂറ്റാണ്ടു മുന്‍പുള്ള ജനതയിലേറെപ്പേര്‍ക്കുമുണ്ടായിരുന്നു. കേരളത്തിലെ ഒട്ടു മിക്കവാറും നഗരങ്ങളും മലയാളിക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള താവളങ്ങള്‍ മാത്രമായിരുന്നു. താമസത്തിന് സ്വന്തം നാട്ടിന്‍പുറത്തോട് തന്നെ ആയിരുന്നു പ്രിയം. ഏതാണ്ട് ഒരു ദശകത്തിനിപ്പുറമാണ് മലയാളിയുടെ കാഴ്ചപ്പാട് സമൂലം മാറിത്തുടങ്ങിയത്.
വിദേശ വരുമാനത്തിനപ്പുറം റിയല്‍ എസ്റ്റേറ്റ് പോലുള്ള എളുപ്പം പണമുണ്ടാക്കാനുള്ള വിദ്യകള്‍ വര്‍ധിച്ചുവന്നപ്പോള്‍ ഗ്രാമപ്രദേശത്തെ ഒഴിവാക്കി നഗരങ്ങളിലെ കെട്ടിട സമുച്ചയങ്ങളിലേക്ക് ചേക്കേറുന്ന ഗ്രാമവാസികളുടെ സംഖ്യ തന്നെ വര്‍ധിച്ചു വന്നു. ഗ്രാമങ്ങളും പട്ടണങ്ങളും തമ്മില്ലുള്ള സംസര്‍ഗം കുറഞ്ഞു കൊണ്ടിരിക്കുകയും ഗ്രാമങ്ങള്‍ ക്രമേണ നഗരവത്കരിക്കപ്പെടുകയും ചെയ്തു തുടങ്ങി. നാട്ടിന്‍പുറത്തെ ഒരു കുഞ്ഞാലിക്കയുടെയും ദാമോദരേട്ടന്റെയും കടയില്‍ നിന്ന് പത്ത് രൂപ കൊടുത്താല്‍ കിട്ടുന്ന സാധന സാമഗ്രികള്‍ 15 രൂപക്ക് ഏറ്റവുമടുത്ത മാളുകളില്‍ നിന്ന് വാങ്ങുന്ന രീതിയിലേക്ക് നഗരവത്കരണത്തിനൊപ്പം നമ്മുടെ സംസ്‌കാരവും മാറി. 2020 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 41 ശതമാനവും താമസിക്കുന്നത് നഗരങ്ങളിലായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ അനുമാനിക്കുമ്പോള്‍ കേരളം അതി ദ്രുതഗതിയിലാണ് നഗരവത്കരിക്കപ്പെടുന്നതെന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരവത്കരണം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വര്‍ഷാവര്‍ഷമുണ്ടാകുന്ന കെട്ടിടങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായാണ് ഏറ്റവും പുതിയ മറ്റൊരു പഠന റിപ്പോര്‍ട്ട്. നഗരവത്കരണ വേഗത്തിന്റെ തോതനുസരിച്ച് അതിവേഗം വികസിക്കുന്ന നഗരങ്ങളിലുള്‍പ്പെടെ വലിയ കെട്ടിടങ്ങളുടെ എണ്ണമാണ് അതിശയിപ്പിക്കുന്ന വിധത്തില്‍ വര്‍ധിക്കുന്നത്. നഗരവത്കരണത്തിന് ഏറ്റവും കൂടുതല്‍ വേഗമുള്ള എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലുള്‍പ്പെടെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും വാണിജ്യോപയോഗത്തിനുള്ള കെട്ടിടങ്ങളുടെയും എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തിന്റെയെങ്കിലും വര്‍ധനയുണ്ടായതായി ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നഗരവത്കരണത്തിന് ഏറ്റവും കൂടുതല്‍ വേഗമുള്ള കണ്ണൂര്‍ ജില്ലയിലാണ് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ എണ്ണം കൂടിയിട്ടുള്ളത്. കടല്‍ത്തീരങ്ങളോടു ചേര്‍ന്നും അല്ലാതെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. നഗരവത്കരണം കുറഞ്ഞ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും കെട്ടിടങ്ങളുടെ ആധിക്യമുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കെട്ടിടങ്ങളുടെ എണ്ണത്തില്‍ 19.9 ശതമാനം വര്‍ധനയുണ്ടായതായി ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ 77 ശതമാനവും താമസത്തിനുവേണ്ടി ഉപയോഗിക്കുന്നതാണെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലാകെയുള്ള ഗ്രാമപ്രദേശങ്ങളിലെ 58,57,785 വീടുകളും നഗരപ്രദേശങ്ങളിലുള്ള 53,60,068 വീടുകളുമുള്‍പ്പെടെ 1.2 കോടി വീടുകളാണ് ആകെയുള്ളത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ പത്ത് ശതമാനമുണ്ടെന്നാണ് കണക്ക്. ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഓട് മേഞ്ഞതും ഓല മേഞ്ഞതുമായ വീടുകളുടെ എണ്ണവും സംസ്ഥാനത്ത് ഇപ്പോഴും നിരവധിയുണ്ട്. ഓല മേഞ്ഞതുള്‍പ്പെടെയുള്ള 5.3 ശതമാനം വീടുകള്‍ ജീര്‍ണാവസ്ഥയിലുള്ളവയാണ്. 28.4 ശതമാനം വീടുകള്‍ നല്ലതല്ലെങ്കിലും താമസയോഗ്യമാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓലമേഞ്ഞ വീടുകള്‍ ഏറ്റവും കുറവ് (0.4 ശതമാനം) എറണാകുളത്താണെങ്കില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ് (ഏഴ് ശതമാനം). ഓടിട്ട വീടുകള്‍ ആലപ്പുഴയിലാണ് കൂടുതല്‍ (40.4 ശതമാനം). തിരുവനന്തപുരത്ത് 22.5 ശതമാനം വീടുകള്‍ ഓട് മേഞ്ഞവയാണ്. കോണ്‍ക്രീറ്റ് വീടുകളുടെ സാന്ദ്രത ഏതാണ്ട് എല്ലാ ജില്ലകളിലും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. എറണാകുളം (64.1), തിരുവനന്തപുരം (53.8), പാലക്കാട് (30.1), തൃശൂര്‍ (59.4) എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് വീടുകളുടെ സാന്ദ്രത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ട്. കേരളത്തിലെ വീടുകളില്‍ 30 ശതമാനത്തിലും ശരാശരി നാല് അംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഒമ്പതിലധികം അംഗങ്ങളുള്ള വീടുകളുടെ എണ്ണക്കൂടുതല്‍ മലപ്പുറത്താ (9.7 ശതമാനം)ണെന്ന് സര്‍വേ വ്യക്തമാക്കുന്നു. കാസര്‍കോട്ടും കണ്ണൂരും കൂട്ടുകുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ എണ്ണവും കൂടുതലാണ്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് തീര്‍ത്തും അണുകുടുംബ വ്യവസ്ഥിതിയുള്ളത്. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇവയിലധികവും ഉപയോഗിക്കുന്നത് സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും 90 ശതമാനം വീടുകളും സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ദക്ഷിണ കേരളവും ഉത്തര കേരളവും തമ്മില്‍ നഗരവത്കരണത്തിലും കെട്ടിടങ്ങളുടെ വര്‍ധനയിലുള്ള ഗതിവേഗത്തിലും മാറ്റമുണ്ട്. തെക്കന്‍ ഭാഗങ്ങളില്‍ 60കളിലും 70കളിലും നഗരവത്കരണത്തിന്റെ തോത് ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഏറ്റവും അടുത്ത കാലത്താണ് സംസ്ഥാനത്തിന്റെ മധ്യഭാഗത്തും ഉത്തര ഭാഗത്തും നഗരവത്കരണ വേഗം ഉയര്‍ന്നുനില്‍ക്കുന്നത്. അതിനാല്‍ത്തന്നെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിടങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന കൂടിയതും അടുത്ത കാലത്ത് തന്നെയാണ്. മറ്റൊരു പ്രധാന കാര്യം 2025 ഓടെ ഇന്ത്യയിലെ 15 പട്ടണങ്ങള്‍ കൂടി മെട്രോ നഗരങ്ങളാകുമെന്നതാണ്. ഇതില്‍ കേരളത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.2014 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ മക്കിന്‍സി റിപ്പോര്‍ട്ട് പ്രകാരം കേരളത്തെ ഏറ്റവും നേട്ടം കൊയ്യുന്ന Very High Performing സംസ്ഥാനമായി വിലയിരുത്തിയിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും ഈ പട്ടികയില്‍ വരുമെങ്കിലും കേരളത്തിന്റെയത്ര സമ്പൂര്‍ണ നഗരവല്‍ക്കരണമുണ്ടാകില്ല. ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 52 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നഗര വത്കരണ നിരക്കില്‍ കേരളം 2025 ഓടെ 55 ശതമാനത്തോളം ഈ വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.കേരളത്തിന്റെ ഉപഭോക്തൃ വ്യവസായ വിപണി 2025 ഓടെ കരുത്താര്‍ജ്ജിക്കും. സേവന മേഖലയില്‍ കേരളത്തില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ വരുമെന്നും പഠനം വിലയിരുത്തുന്നു. കേരളമുള്‍പ്പെട്ട എട്ട് സംസ്ഥാനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് മേഖലകളില്‍ രൂപപ്പെടും. FMCG -Fast Moving Consumer Goods രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് രൂപപ്പെടും. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 5.6 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയില്‍ ഇന്‍സോഴ്‌സിംഗ് പ്രോത്സാഹിപ്പിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്ത് മൊബൈല്‍ ഷോപ്പിംഗ് ശക്തി പ്രാപിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. 930 ദശലക്ഷം ഉപഭോക്താക്കളുള്ള ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ലോകത്ത് രണ്ടാം സ്ഥാനത്താണ്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ കേരളവും ഒട്ടും പിറകിലല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതി ദ്രുതഗതിയിലുള്ള നഗര വത്കരണത്തിനു പിന്നാലെ എന്തൊക്കെ പ്രശ്‌നങ്ങളാണ് കേരളത്തെ തേടി വരികയെന്നതിനെക്കുറിച്ച് ഇനിയെങ്കിലും നമ്മുക്ക് ചിന്തിക്കേണ്ടതുണ്ട്. ജലസമ്പന്നമായ സംസ്ഥാനമായ കേരളത്തില്‍ നഗരവത്കരണത്തിന്റെ ഭാഗമായി വരുന്ന കുടിവെള്ള പ്രശ്‌നമാണ് ഇതില്‍ ഏറ്റവും പ്രധാനം. 44 നദികള്‍ ഒഴുകുന്ന നാടാണ് നമ്മുടെത്. തടാകങ്ങളും അരുവികളും ധാരാളം. ഭൂഗര്‍ഭജലവും ആവശ്യത്തിനുണ്ട്. സാധാരണഗതിയില്‍ കാലവര്‍ഷവും തുലാവര്‍ഷവും സമൃദ്ധം. ഇതൊക്കെയാണെങ്കിലും കുടിവെള്ളത്തിനു വേണ്ടി പരക്കംപായുന്ന നിരവധി പേരെ കേരളത്തിലങ്ങോളമിങ്ങോളം കാണാം. നഗരവത്കരണം ഏറിയതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നതാണ് ഏറഅറവും ശ്രദ്ധിക്കേണ്ട കാര്യം. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും കുളങ്ങളുമൊക്കെ വരളുന്നു. കേരളത്തിന്റെ ജലസമ്പത്തിനെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഠനം നടത്തിയവര്‍ ധാരാളം ശിപാര്‍ശകള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. അവയുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുമെന്ന് സര്‍ക്കാര്‍ ഇട്ക്കിടെ ഉറപ്പ് നല്‍കുകയും ചെയ്യും. എന്നാല്‍, കേരളത്തില്‍ കുടിവെള്ളക്ഷാമം ഗുരുതരമായൊരു പ്രശ്‌നമായി വളര്‍ന്നുവരുകയാണെന്നതാണു യാഥാര്‍ഥ്യം. കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളില്‍ 29.5 ശതമാനത്തിനു മാത്രമാണു സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നതെന്നാണു രണ്ട് വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇത് 94 ശതമാനമാണത്രേ. ബിഹാറില്‍ 97.6 ശതമാനം ഗ്രാമീണ ഭവനങ്ങള്‍ക്കും ഉത്തര്‍പ്രദേശില്‍ 96.6 ശതമാനത്തിനും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളിലുള്ള വീടുകളില്‍ ഏതാണ്ടു പൂര്‍ണമായിത്തന്നെ കുടിവെള്ളം ലഭ്യമാണ്. ഇവിടെയാണ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുള്ളത്. സമശീതോഷ്ണ കാലാവസ്ഥയുള്ള ഏറ്റവുമധികം മഴ പെയ്യുന്ന നമ്മുടെ നാട്ടില്‍ എന്തു കൊണ്ട് ഇത്രയും പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്നില്ല? കേരളത്തിലെ അമിത നഗരവത്കരണം കൊണ്ട് പെയ്യുന്ന മഴ വെളളം പോലും കേരളത്തിന്റെ മണ്ണില്‍ ആഴിന്നിറങ്ങുന്നില്ലെന്നതാണ് സത്യം. കേരളത്തില്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം ഗുരുതര പ്രശ്‌നമാണെന്നതില്‍ തര്‍ക്കമില്ലെന്നിരെക്കെയാണ് തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പാക്കാന്‍ നമ്മുടെ ഭരണകൂടം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. ഇത് നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്ന പഠനം പല തവണ സര്‍ക്കാറിനു മുന്നിലെത്തിയിരുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി എസ് വിജയന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഈ വിവരം നേരത്തെ സര്‍ക്കാറിനു മുന്നിലെത്തിച്ചത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി അദ്ദേഹം നടത്തിയ പഠനത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാകുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണ് ഉള്ളത്. ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും ഭയാനകമായ നിലം നികത്തലിനും അതു വഴിയുള്ള നഗരവത്കരണത്തിനുമാണ് നാം കളമൊരുക്കുന്നത്.
നഗരാസൂത്രണം എന്നത് ഇവിടെ ചില രാഷ്ട്രീയക്കാരുടെ തൃപ്തിയില്‍ മാത്രം ഒതുങ്ങന്നതല്ല. വന്‍കിട കുത്തക കമ്പനികള്‍ ഇവര്‍ക്കു വെളിച്ചം കാട്ടുന്നുണ്ട്. അവരുടെ തൃപ്തിക്കനുസരിച്ചാണ് നഗരങ്ങള്‍ വികസിക്കുന്നത്. എല്ലാ തോടുകളും ആറുകളും വൈകാതെ തന്നെ നികത്തപ്പെടും, അല്ലെങ്കില്‍ ഒഴുക്കുനിലച്ച് മരിച്ച അവസ്ഥയിലാകും. ശീതീകിരച്ച അംബരചുമ്പികളായ കെട്ടിടസമുച്ഛയങ്ങള്‍ പോരായ്മകളെ മറികടക്കുമെന്ന് ആരും കരുതേണ്ടെന്ന് ചെന്നൈ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ അങ്ങനയൊരു പാഠം പഠിക്കാന്‍ നാം തമിഴരല്ലല്ലോ. നൂറ് ശതമാനം സാക്ഷരരായ മലയാളികളല്ലേ? !

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest