Connect with us

Malappuram

മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Published

|

Last Updated

എടവണ്ണപ്പാറ: ചാലിയാര്‍ പുഴയില്‍ മത്സ്യ സമ്പത്തില്‍ കുറവ് വന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. വാഴക്കാട് പഞ്ചായത്തിലെ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുകള്‍ ഭാഗങ്ങളിലാണ് മത്സ്യകുറവ് നേരിടുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
ഊര്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷമാണ് മുന്‍വര്‍ഷങ്ങളില്‍ ധാരാളമായി കാണപ്പെട്ടിരുന്ന കദള ചെമ്മീന്‍, വാള, തിരുത തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയില്‍ കുറവ് വന്നത്. കദള ചെമ്മീന്‍ മുന്‍വര്‍ഷങ്ങളില്‍ ചാലിയാറില്‍ ധാരാളമായി കാണപ്പെട്ടിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ ചാലിയാറില്‍ കദള ചെമ്മീന്‍ പിടിക്കാന്‍ എത്തിയിരുന്നു. വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന കദളി ചെമ്മീനിന് ഒരു കിലോക്ക് 1000 രൂപ വരെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജില്‍ വെള്ളം തടഞ്ഞ് നിര്‍ത്തുന്നതിനാല്‍ ഇത്തരം മത്സ്യങ്ങള്‍ വരുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ചാലിയാര്‍ പുഴയിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് ധാരാളം മത്സ്യതൊഴിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. തണ്ടാടി, പാറ്റ്‌വല ഉള്‍പ്പെടെ വിവിധ തരം മാര്‍ഗങ്ങളിലൂടെ ഇവര്‍ മത്സ്യം പിടിക്കുന്നു. എന്നാല്‍ പലരും മത്സ്യകുറവ് കാരണം ഈ മേഖല ഉപേക്ഷിക്കുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, മുക്കം പഞ്ചായത്തുകള്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ മത്സ്യ കുഞ്ഞുങ്ങളെ ചാലിയാര്‍ പുഴയില്‍ നിക്ഷേപിക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ കൂളിമാട് കടവില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതുപ്രകാരം വളര്‍ത്തു മത്സ്യങ്ങളായ രോഹു, കട്ട്‌ല തുടങ്ങിയ മത്സ്യങ്ങള്‍ പുഴയില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതുപോലെ ചെമ്മീന്‍ കുഞ്ഞുങ്ങളെ ഊര്‍ക്കടവ് പാലത്തിന് മുകള്‍ഭാഗങ്ങളില്‍ നിക്ഷേപിക്കണമെന്നാണ് വാഴക്കാട് പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ പ്രധാന ആവശ്യം.