Connect with us

Wayanad

കാരാപ്പുഴയിലും ബാണാസുരയിലും മത്സ്യബന്ധനത്തിന് അനുമതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ പ്രധാന റിസര്‍വോയറുകളായ കാരാപ്പുഴയിലും ബാണാസുരസാഗറിലും മത്സ്യബന്ധനത്തിന് അനുമതി. ജില്ലയിലെ പട്ടികവര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘങ്ങള്‍ക്കാണ് മല്‍സ്യം പിടിക്കാനുള്ള അവകാശം. കാരാപ്പുഴയിലും ബാണാസുരയിലും ഓരോ സംഘങ്ങളാണുള്ളത്.
ഇരു റിസര്‍വോയറുകളിലുമായി 2010 മുതല്‍ ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യവികസന ബോര്‍ഡിന്റെയും ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെയും ഫണ്ടുപയോഗിച്ച് ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ജലസേചനവകുപ്പിന്റെ കൈവശമുള്ള കാരാപ്പുഴയിലും വൈദ്യുതി ബോര്‍ഡിന്റെ ബാണാസുര ഡാമിലും മത്സ്യം പിടിക്കാനുള്ള അനുമതിയില്ലായിരുന്നു.
നെല്ലാറച്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ ഫിഷറീസ് സംഘം മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നുണ്ടെങ്കിലും അതിനു നിയമപരിരക്ഷ ലഭിക്കുന്നത് ഇപ്പോഴാണ്.
റിസര്‍വോയറില്‍നിന്ന് മത്സ്യബന്ധനാനുമതി ലഭിക്കാത്തതിനാല്‍ പുതിയ പ്രൊജക്ടുകള്‍ നടപ്പാക്കാനും സാധിച്ചിരുന്നില്ല.
ആഴമേറിയ ജലാശയങ്ങളില്‍ കൂടു മത്സ്യകൃഷിക്ക് പ്രചാരമേറി വരികയാണ്. കൂടുകളിലെ മത്സ്യകൃഷി പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പരിചയപ്പെടുത്താന്‍ അടുത്തമാസം മുതല്‍ പൂക്കോട് തടാകത്തില്‍ 10 കൂടുകളുള്ള ഒരു യൂണിറ്റ് തുടങ്ങുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍ പറഞ്ഞു.
കടല്‍മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഉള്‍നാടന്‍ മത്സ്യത്തിന് ഭാവിയില്‍ വന്‍ സാധ്യതയാണുള്ളത്. കൂടാതെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായധനത്തോടെ മത്സ്യക്കുഞ്ഞ് ഉത്പാദനവും സംഭരണവുമടക്കമുള്ള വിവിധ പദ്ധതികളും നടപ്പാക്കാനാവും. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇരുഡാമുകള്‍ക്ക് സമീപവും “ഫ്രഷ് ഫിഷ്” വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ലഭിക്കുകയും ചെയ്യും.

Latest