Connect with us

Gulf

രണ്ടര പതിറ്റാണ്ടുമുമ്പത്തെ സര്‍വാനി പള്ളിയിലെ ദര്‍സിന്റെ ഓര്‍മയുമായി സിഎംഎസ് ഉസ്താദ്

Published

|

Last Updated

ദുബൈ: 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബൈയിലെ പ്രസിദ്ധമായ ദേര സര്‍വാനി മസ്ജിദില്‍ ദീര്‍ഘകാലം നടത്തിയ ദര്‍സിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സി എം എസ് ഉസ്താദ് എന്ന മണ്ണാര്‍ക്കാട് മുണ്ടേക്കരാട് സ്വദേശി ചുള്ളിമുണ്ട മുഹമ്മദ് മുസ്‌ലിയാര്‍.
യു എ ഇയിലെ പ്രവാസത്തോട് വിടപറഞ്ഞ് 10 വര്‍ഷങ്ങള്‍ക്കുശേഷം ഹൃസ്വസന്ദര്‍ശനാര്‍ഥം കിഴിഞ്ഞ ദിവസം ഇവിടെയെത്തിയപ്പോഴാണ്, സി എം എസ് ഉസ്താദ് മലയാളികള്‍ക്കായി അഞ്ച് വര്‍ഷത്തിലധികം നീണ്ടകാലം നടത്തിയ ദര്‍സിന്റെ ഓര്‍മകള്‍ അയവിറക്കിയത്. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വാരാന്ത്യഅവധിക്കും മറ്റും ദുബൈയിലെത്തുന്ന മലയാളികളുടെ സംഗമസ്ഥാനമായിരുന്നു അക്കാലത്ത് സര്‍വാനി മസ്ജിദ്.
എല്ലാ ദിവസവും മഗ്‌രിബിനും ഇശാഇനും ഇടയിലുള്ള സമയത്ത് നടക്കുന്ന കേരളത്തിലെ പള്ളിദര്‍സുകളിലെ “ചൊല്ലിക്കൊടുക്കലി”നെ ഓര്‍മിപ്പിക്കുന്ന ദര്‍സില്‍ പഠിതാക്കളായി നിരവധിപേരുണ്ടായിരുന്നതായി സി എം എസ് ഉസ്താദ് ഓര്‍ക്കുന്നു. വാരാന്ത്യ അവധിദിനങ്ങളിലുള്ള ക്ലാസ് മാത്രം ലക്ഷ്യംവെച്ച് അയല്‍ എമിറേറ്റുകളില്‍ നിന്നുപോലും എത്തുന്ന സ്ഥിരം പഠിതാക്കളുണ്ടായിരുന്നെന്നും പ്രവാസലോകത്തും നിരവധി പേര്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കാന്‍ ഭാഗ്യംലഭിച്ച ഉസ്താദ് അഭിമാനപൂര്‍വം സ്മരിക്കുന്നു. 1989 ലാണ് സി എം എസ് ഉസ്താദ് ആദ്യമായി യു എ ഇയിലെത്തുന്നത്. അല്‍ ഐനിലെ അല്‍ നഹ്‌യാന്‍ കുടുംബത്തിലെ ഒരു പ്രമുഖ വ്യക്തിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിച്ച വിസയിലെത്തിയ ഉസ്താദ് വൈകാതെ ദുബൈയില്‍ അന്നത്തെ എസ് വൈ എസ് നടത്തുന്ന സര്‍വാനി പള്ളിയിലെ ദര്‍സിന്റെ ചുമതലയേല്‍ക്കുകയായിരുന്നു. അല്‍പകാലത്തിനു ശേഷം ദുബൈ ഔഖാഫിന്റെ അനുമതിയോടെ സര്‍വാനി പള്ളിയില്‍ ഖുതുബ പരിഭാഷയും നടത്തിത്തുടങ്ങി. കുവൈത്ത് യുദ്ധകാലത്ത് താല്‍ക്കാലികമായി ദുബൈയില്‍ താമസിക്കുകയായിരുന്ന അന്നത്തെ കുവൈത്ത് വഖ്ഫ് മന്ത്രി ശൈഖ് യൂസുഫ് ഹാശിം രിഫാഈ സര്‍വാനി പള്ളിയിലെ തന്റെ പ്രഭാഷണവും ദര്‍സും നേരിട്ട് കണ്ട് സന്തുഷ്ടനായ കാരണം കുറെ കാലം മാസാന്തം 1,000 ദിര്‍ഹം പാരിതോഷികം എത്തിച്ചുതന്നതും ഉസ്താദ് ഓര്‍ക്കുന്നു.
തുടര്‍ച്ചയായി അഞ്ചുവര്‍ഷം ദര്‍സും പ്രഭാഷണങ്ങളുമായി ചിലവഴിച്ച ഉസ്താദ്, പിന്നീട് അല്‍ ഐനിലെ ഒരു പള്ളിയില്‍ ഇമാമായി ജോലി ലഭിച്ചതിനാല്‍ അങ്ങോട്ട് മാറി. 10 വര്‍ഷത്തെ അവിടുത്തെ ജോലിക്കുശേഷം 2005ല്‍ പ്രവാസം മതിയാക്കിയ ഉസ്താദ് നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നതിനു പകരം 70 പിന്നിട്ടിട്ടും അറിവ് പകര്‍ന്നു കഴിയുകയാണ്. തന്റെ നാടിനടുത്ത കോട്ടപ്പുറത്തെ അല്‍ ഫലാഹ് ഇസ്‌ലാമിക് സെന്റര്‍ ദഅ്‌വാ കോളജില്‍ മുദര്‍രിസായി സി എം എസ് ഉസ്താദ് അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. ഈ സ്ഥാപനത്തിന്റെ പ്രചരണാര്‍ഥമാണ് ഉസ്താദ് വാര്‍ധക്യത്തെയും അനുബന്ധ അസുഖങ്ങളെയും അവഗണിച്ച് യു എ ഇയിലെത്തിയിട്ടുള്ളത്.
യു എ ഇയിലെ, വിശിഷ്യാ ദുബൈയിലെ പ്രാസ്ഥാനിക കുടുംബത്തിലെ പഴമക്കാര്‍ക്ക് ഏറെ സുപരിചിതനാണ് സി എം എസ് ഉസ്താദ്. ശിഷ്യരും കൂട്ടുകാരുമായിരുന്ന പലരും പ്രവാസം മതിയാക്കിപോയെങ്കിലും ചിലരെങ്കിലും യു എ ഇയില്‍ അങ്ങിങ്ങായി ഉണ്ടെന്നറിയുന്നതിലും അവരെ കാണാന്‍ കഴിയുന്നതിലും ഏറെ സന്തോഷമുണ്ടെന്നും ഉസ്താദ് വ്യക്തമാക്കി. ബന്ധപ്പെടേണ്ട നമ്പര്‍: 050-4929918.

---- facebook comment plugin here -----

Latest